ഗുവാഹത്തി: അസമിലെ കരീംഗഞ്ചിന് സമീപം കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ച ബംഗ്ലാദേശി സ്വദേശിയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് നാല്‍പ്പത്തിരണ്ടുകാരന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വിട്ടുനല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. 

രണ്ട് ഇന്ത്യക്കാരും നാല് ബംഗ്ലാദേശികളുമടങ്ങുന്ന കാലികടത്തുകാരുടെ സംഘമാണ് മോഷണത്തിന് ശ്രമിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ഏറെ അകലെയല്ലാതുള്ള പുട്നി തേയില ഫാക്ടറിയുടെ സമീപത്ത് നിന്നായിരുന്നു ഇവര്‍ കാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പത്താരിയ റിസര്‍വ്വ് വനത്തിന് സമീപമാണ് ഈ സ്ഥലമുള്ളത്. ഇരു രാജ്യങ്ങളിലേക്കുമുള്ള കാലികളുടെ കള്ളക്കടത്തിന് കുപ്രസിദ്ധമാണ് ഇവിടം. മോഷ്ടിച്ചതടക്കമുള്ള കാലികളെയാണ് രഹസ്യമായി ഇത്തരത്തില്‍ രാജ്യം കടത്തുന്നത്.

അതിര്‍ത്തി കടന്ന് രഹസ്യ വഴികളിലൂടെയെത്തുന്ന കള്ളക്കടത്തുകാര്‍ അവരുടെ ഇന്ത്യന്‍ പരിചയക്കാരില്‍ നിന്ന് കാലികളെ വാങ്ങി മടങ്ങിപ്പോവുന്നതാണ് പതിവ് രീതി. ആനത്താരകളിലൂടെ അടക്കമാണ് കാലികളെ കടത്തിക്കൊണ്ട് പോവുന്നത്. തിങ്കളാഴ്ച കാലിക്കടത്തുകാര്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാരുടെ കയ്യില്‍പ്പെടുകയായിരുന്നു. 

കന്നുകാലിക്കടത്തുകാരനെ അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചു കൊന്നു

നാട്ടുകാര്‍ ഇവരെ പിടികൂടി മര്‍ദ്ദിച്ചതായി കരീഗഞ്ച് എസ് പി കുമാര്‍ സഞ്ജീത് കൃഷ്ണ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. ബംഗ്ലാദേശിലെ സോനര്‍പുര സ്വദേശിയായ രഞ്ജീത് മുണ്ടയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തതായി എസ് പി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കാലിക്കടത്തുകാരന്‍ ബിഎസ്എഫിന്‍റെ വെടിയേറ്റ് മരിച്ചിരുന്നു.