കോഴിക്കോട്: ബാങ്കിലെ അടവ് മുടങ്ങിയതിനെ തുടർന്ന് മൂന്ന് തവണ ബാങ്ക് പിഴ ഈടാക്കിയെന്ന് പരാതി. കോഴിക്കോട് മുക്കം സ്വദേശി സുവിന്ദിന്‍റെ അക്കൗണ്ടിൽ നിന്നാണ് അടവ് മുടങ്ങിയതിന് മൂന്ന് തവണ ബാങ്ക് പിഴ ഈടാക്കിയത്.

2019ലാണ് സുവിന്ദ് പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇൻഡസ് ഇന്ദ് ബാങ്ക് മുഖേന ബൈക്ക് ലോൺ എടുത്തത്. എല്ലാമാസവും ഇരുപത്തിഒന്നാം തീയതിക്കുള്ളിൽ പണം അടയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ മെയ് മാസത്തിലെ അടവ് തെറ്റി. 

തുടർന്ന് മെയ് 24-ാം തിയതി 118 രൂപ പിഴയായി ബാങ്ക് പിടിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷവും തുക പൂർണമായി അടച്ച് തീർക്കാത്തതിനാൽ വീണ്ടും ബാങ്ക് പിഴ ഈടാക്കി. ഇങ്ങനെ മൂന്ന് തവണ അക്കൗണ്ടിൽ നിന്ന് പണം പോയെന്നാണ് പരാതി.

ഇന്‍ഡസ് ഇന്ദ് ബാങ്ക് വീണ്ടും ഇസിഎസ് അയക്കുന്നത് കൊണ്ടാണ് കൂടുതൽ തവണ പിഴ ഈടാക്കേണ്ടി വന്നതെന്നും ഇനി ഇസിഎസ് അയക്കരുതെന്ന് ബാങ്കിനെ അറിയിക്കണമെന്നുമാണ് പഞ്ചാബ് നാഷണൽ ബാങ്ക് നൽകിയ മറുപടി. 

എന്നാൽ ഓവർ ഡ്യൂ ഉണ്ടെങ്കിൽ വീണ്ടും ചെക്ക് സമർപ്പിക്കുമെന്നാണ് ഇൻഡസ് ഇന്ദ് ബാങ്ക് പറയുന്നത്. എന്തായാലും കൊവിഡ് വ്യാപനം രൂക്ഷമായി പണിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിൽ ബാങ്കിൽ നിന്ന് കിട്ടിയത് ഇരുട്ടടിയെന്നാണ് സുവിന്ദ് പറയുന്നത്.