ഹരിപ്പാട്: കരുവാറ്റ സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാക്കേസിലെ ഒന്നാം പ്രതി ആല്‍ബിന്‍ രാജിന്റെ ജീവിതം സിനിമാക്കഥ പോലെയെന്ന് പൊലീസ്. തിരുവനന്തപുരത്തെ വലിയ തറവാട്ടിലെ അംഗമാണെന്നും അവിടെ ബിസിനസ് നടത്തുകയാണെന്നുമാണ് കോയമ്പത്തൂരിലെ ഇയാളുടെ അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. തിരുവനന്തപുരത്ത് നടത്തിയ ടെക്‌സ്‌റ്റൈല്‍ മോഷണവുമായി ബന്ധപ്പെട്ട് ഇയാളുടെ മേല്‍വിലാസം കണ്ടെത്തിയാണ് ആദ്യം അന്വേഷണ സംഘം കോയമ്പത്തൂരിലെ കുനിയ മുത്തൂരില്‍ എത്തുന്നത്. ഇവിടെ നിന്നാണ് ഇവര്‍ താമസിച്ചിരുന്ന മീനാക്ഷി നഗറില്‍ എത്തിയത്. ഇവിടെ മൂന്നു വര്‍ഷത്തേക്ക് 12 ലക്ഷം രൂപ നല്‍കി ആഡംബര വീട് വാടകക്കെടുത്തിട്ടിരുന്നു ആല്‍ബിന്‍ രാജ് താമസിച്ചത്. 

ഇവിടെ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അയല്‍പക്കത്തെ മലയാളികളുടെ വീട്ടില്‍ വിവരങ്ങള്‍ അന്വേഷിച്ചു. അവിടെ നിന്നും കഴിഞ്ഞ ജനുവരിയില്‍ ഇപ്പോള്‍ താമസിച്ചിരുന്ന രംഗസ്വാമി നഗറിലെ വീട്ടിലേക്ക് മാറിയതായി അറിഞ്ഞു. 

ആല്‍ബിന്‍ രാജ് തിരുവനന്തപുരത്തെ വലിയ തറവാട്ടിലെ അംഗമാണെന്ന അയല്‍വാസികളുടെ മറുപടി പൊലീസിനെ ഞെട്ടിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ആയിരുന്നു ആല്‍ബിന്‍ രാജ് പറഞ്ഞ തിരുവനന്തപുരത്തെ പേരുകേട്ട കുടുംബം. ആല്‍ബിന്‍രാജ് ഇടയ്ക്ക് മാത്രമാണ് ഈ വീട്ടില്‍ എത്തിയിരുന്നത്. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് അയല്‍ക്കാരെയും വാടക വാങ്ങാനെത്തുന്ന വീട്ടുടമയെ പോലും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇതൊക്കെ അയല്‍ക്കാര്‍ക്കും സംശയത്തിനിട നല്‍കിയിരുന്നു. 

മീനാക്ഷി നഗറിലെ വീട്ടുടമ ഇവരെ അറിയാതെ ഈ വീട് വില്‍ക്കുകയും ആല്‍ബിന്‍രാജ് നല്‍കിയ തുക മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് കേസാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് താമസം മാറിപ്പോയത്.പത്തു വര്‍ഷത്തെ മോഷണ ജീവിതത്തില്‍ ഒരിക്കല്‍  മയക്കുമരുന്ന് കേസില്‍ പ്രതിയായിട്ടുണ്ട്.  ആളില്ലാത്ത വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കുന്നതായിരുന്നു പതിവ്. ആല്‍ബിന്‍രാജിനെ ഇത് രണ്ടാം തവണയാണ് ആലപ്പുഴ ജില്ലയിലെ പൊലീസ് പിടികൂടുന്നത്.

2019 ജനുവരിയില്‍ കുറത്തികാട് ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിയതിന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ബൈക്കില്‍ ചുറ്റി സഞ്ചരിച്ച് പുറത്തു നിന്നും ഗേറ്റ് പൂട്ടിയിരിക്കുന്ന വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്നതായിരുന്നു പതിവ്.