ബെംഗളൂരു: നിക്ഷേപത്തിന് ഇരട്ടി പണം തിരികെ നല്‍കാമെന്ന വാഗ്ദാനത്തില്‍ യുവതിയുടെ 1.5 കോടി രൂപ കവര്‍ന്ന ബാങ്ക് മാനേജരെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.  കര്‍ണാടകയിലെ കോലര്‍ ജില്ലയിലെ സഹകരണ ബാങ്ക് മാനേജര്‍ ശ്രീനിവാസാണ് തട്ടിപ്പ് നടത്തിയത്.

ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് വന്‍ തുക തിരികെ നല്‍കാമെന്ന വാഗ്ദാനത്തിലാണ് ശ്രീനിവാസ് യുവതിയുടെ പക്കല്‍ നിന്നും പണം വാങ്ങുന്നത്. എന്നാല്‍ ഇയാള്‍ നിക്ഷേപകരെ കബളിപ്പിച്ച് പുതിയ ബാങ്ക് തുറന്നു. പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായ യുവതി നാട്ടുകാരുമായി ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.

30-ഓളം ആളുകളാണ് സംഘത്തിലുണ്ടായിരുന്നത്. നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദനത്തിന്‍റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.