ഹൈദരാബാദ്: കസ്റ്റമേഴ്സുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ബാർ ഡാൻസറെ ന​ഗ്നയാക്കി മർദ്ദിച്ചു. ഹൈദരാബാദിലെ ബേഗംപേട്ടിലെ ബാറിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഹ നർത്തകികളായ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചതു കാരണം സഹനര്‍ത്തകികളായ നാലു സ്ത്രീകളും ഒരു യുവാവും ചേര്‍ന്നാണ് തന്നെ മർദ്ദിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കേസിലെ പ്രതിയായ യുവാവ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

സംഭവം നടക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് യുവതി ബാറിൽ ഡാൻസറായി ജോലിയിൽ പ്രവേശിച്ചത്. കസ്റ്റമേഴ്സിനോട് ശാരീരികമായി സഹകരിക്കണമെന്ന് ബാര്‍ മാനേജ്‌മെന്റ് ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് വിസമ്മതിച്ചതോടെയാണ് അഞ്ചം​ഗ സംഘം യുവതിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം തെലങ്കാന ഡിജിപി മഹീന്ദര്‍ റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥരോട് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.