Asianet News MalayalamAsianet News Malayalam

കൊലപാതകത്തിന് കാരണം കപ്പ വില്‍പ്പനയിലെ തര്‍ക്കം; കോടിയേരിയെ തള്ളി ബഷീറിന്‍റെ കുടുംബം

രാഷ്ട്രീയ വൈര‌ാഗ്യമില്ലെന്ന് കടയ്ക്കലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍റെ ബന്ധുക്കൾ. കപ്പ വിൽപ്പനയെച്ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിലേക്കെത്തിയത്. രാഷ്ട്രീയ വൈരാഗ്യമില്ലെന്നും ബഷീറിന്‍റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

basheers Sister says no political reason in kollam chithara murder
Author
Kollam, First Published Mar 3, 2019, 1:38 PM IST

കൊല്ലം : കൊല്ലം കടയ്ക്കലിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്‍റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന തള്ളി കൊല്ലപ്പെട്ട ബഷീറിന്‍റെ സഹോദരി. ബഷീറിന്‍റെ കപ്പ കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ബഷീറിന്‍റെ  സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎം ആരോപണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി  ഡിജിപിക്ക് പരാതി നൽകി.

ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോാപണം. പ്രതി ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്നും സിപിഎം പറയുന്നു. ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കടയ്ക്കലിൽ സിപിഎം പ്രതിഷേധ പ്രകടനവും നടത്തി. ചിതറ പഞ്ചായത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കുകയാണ്. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്‍റെ ആരോപണം പൂർണ്ണമായും തള്ളിയിരിക്കുകയാണ് കൊല്ലപ്പെട്ട ബഷീറിൻറെ സഹോദരി അഭിസാ ബീവി.

നേരത്തെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. വൈകുന്നേരം മുന്നര മണിയോടെ ബഷീറിന്‍റെ വീട്ടിലെത്തിയ ഷാജഹാൻ ബഷീറിനെ കുത്തി കൊലപ്പെടുത്തി. ബഷീറിന്‍റെ ദേഹത്ത് ഒൻപത് മുറിവുകളാണ് ഉള്ളത്. നെഞ്ചില്‍ ഏറ്റ രണ്ട് കുത്തുകളാണ് മരണത്തിന് കാരണം. കൊലപാകത്തിൽ വ്യാജ പ്രചാരണം നടത്തി ര‌ാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ഷാജഹാന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios