പാട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ പാട്നയില്‍ എത്തും മുന്‍പേ പോസ്റ്റ്മോർട്ടം നടത്തിയതിലും ബന്ധുക്കൾ ദുരൂഹതയാരോപിക്കുന്നു.

തിരുവനന്തപുരം: റെയില്‍വേയുടെ മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ (Lithara) മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ലിതാരയ്‌ക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി കത്തിൽ പറയുന്നു. 

ലിതാരയുടെ മരണത്തില്‍ കോച്ചിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലിതാരയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും പാറ്റ്ന പൊലീസിനും നേരത്തെ പരാതി നൽകിയിരുന്നു. കോച്ച് രവി സിംഗ് ലിതാരയോട് അപമര്യാദയായി പെരുമാറിയിരുന്നെന്നും, മാനസികമായി പീഡിപ്പിച്ചിരുന്നെന്നും കാട്ടിയാണ് ബന്ധുക്കൾ പരാതി നല്‍കിയത്. ലിതാരയുടെ നിലവിലെ കോച്ച് രവി സിംഗ് കൊല്‍ക്കത്തയില്‍ പരിശീലനത്തിനിടെ അപമര്യാദയായി പെരുമാറിയെന്നും, ലിതാര അപ്പോൾ എതിർത്തെന്നും ബന്ധുക്കൾ പറയുന്നു. കോച്ച് നിരന്തരം ശല്യം ചെയ്യുകയാണെന്ന് ലിതാര നേരത്തെ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ നല്‍കിയ പരാതിയിലുണ്ട്. പാട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ പാട്നയില്‍ എത്തും മുന്‍പേ പോസ്റ്റ്മോർട്ടം നടത്തിയതിലും ബന്ധുക്കൾ ദുരൂഹതയാരോപിക്കുന്നു. റീ പോസ്റ്റ്മോർട്ടം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം വീട്ടുകാര്‍ ലിതാരയെ വിളിച്ചപ്പോള്‍ ഫോണെടുത്തിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫ്ലാറ്റുടമയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോളാണ് ലീതാരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്‍റെ മകളായ ലിതാര പാട്ന ദാനാപൂരിലെ ഡിആർഎം ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)