ബെംഗളൂരു: ബെംഗളൂരുവിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ ആത്മഹത്യ കോളേജ് അധികൃതരുടെ പീഡനത്തെത്തുടർന്നെന്ന് ആരോപിച്ച് വിദ്യാ‍ർത്ഥി സമരം. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങിലെ ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥിയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഹോസ്റ്റലിലെ കുടിവെളളക്ഷാമത്തിനെതിരെ സമരം ചെയ്തതിന് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിരുന്നു. കോളേജ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു.

ബെലന്തൂർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹർഷയാണ് തിങ്കളാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കോളേജ് ഹോസ്റ്റലിലെ കുടിവെളളക്ഷാമം പരിഹരിക്കണമെന്നും നിലവാരമുളള ഭക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ശ്രീഹർഷ ഉൾപ്പെടെയുളള വിദ്യാർത്ഥികൾ രണ്ട് മാസം മുമ്പ് സമരം ചെയ്തിരുന്നു. 

തുടർന്ന് ഇവർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. സമരത്തിനിടെ കോളേജ് ബസിന്‍റെ ചില്ല് തകർത്തതിനായിരുന്നു ഇത്. ഇതിലുളള മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരണയെന്ന്  വിദ്യാർത്ഥികൾ ആരോപിക്കുന്നു. ശ്രീഹർഷയുടെ ക്യാംപസ് റിക്രൂട്ട്മെന്‍റിലൂടെ ലഭിച്ച ജോലി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

സംഭവത്തെത്തുടർന്ന് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ സമരത്തിലാണ്.അമൃത വിശ്വവിദ്യാപീഠം ചാൻസലറായ മാതാ അമൃതാനമന്ദമയി നേരിട്ടെത്തി പ്രശ്നത്തിൽ ഇടപെടണമെന്നാണ് ആവശ്യം. ഒരാഴ്ച കോളേജിന് അവധി പ്രഖ്യാപിച്ചെങ്കിലും പിരിഞ്ഞുപോകാൻ വിദ്യാ‍ർത്ഥികൾ തയ്യാറായിട്ടില്ല.കോളേജ് അധികൃതർ തെളിവ് നശിപ്പിച്ചെന്നും ആരോപണമുണ്ട്. അസ്വാഭാവിക മരണത്തിനാണ് പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് 
ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കോളേജ് മാനേജ്മെന്‍റ്അറിയിച്ചു.