വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. നവാസും നന്ദിനിയും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. കഴിഞ്ഞ മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ മറ്റൊരാളുമായി നന്ദിനിയുടെ വിവാഹം കഴിഞ്ഞു.
ബെംഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ മുൻ കാമുകൻ വീട്ടിൽക്കയറി കൊല്ലാൻ ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിലെ നന്ദിനി ദാസി(18)നെയാണ് മുൻ കാമുകനായ ബന്ദേ നവാസ്(18) കുത്തിപരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ യുവതിയെ മണിപ്പാൽ ആശുപത്രിയിലും സംഭവത്തിന് പിന്നാലെ സ്വയംമുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെ ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. നവാസും നന്ദിനിയും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. കഴിഞ്ഞ മൂന്നുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ മറ്റൊരാളുമായി നന്ദിനിയുടെ വിവാഹം കഴിഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ നന്ദിനിയുടെ വീട്ടിലെത്തിയ പ്രതി മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. പിന്നാലെ വീട്ടിലുണ്ടായിരുന്ന നന്ദിനിയുടെ രണ്ട് ഇളയസഹോദരങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു. ഇതിനുശേഷമാണ് നന്ദിനിയെ ക്രൂരമായി ആക്രമിച്ചത്. യുവതിയുടെ കഴുത്തിലും കൈകളിലും വാരിയെല്ലിനും ഉൾപ്പെടെ പലതവണ കുത്തേറ്റതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ യുവതി ചോരയൊലിച്ച് വീടിന് പുറത്തേക്ക് നിലവിളിച്ചോടിയതോടെയാണ് സംഭവം അയൽക്കാർ അറിഞ്ഞത്. ഇതിനിടെ സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയെയും കണ്ടെത്തി. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
പ്രതിയായ നവാസ് ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുകയാണെന്നാണ് പൊലീസ് നൽകുന്നവിവരം. സംഭവത്തിൽ നവാസിനെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായും പൊലീസ് അറിയിച്ചു.


