Asianet News MalayalamAsianet News Malayalam

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കൊള്ളയടിച്ചു

മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നംഗ സംഘം കൊള്ളയടിച്ചു.

Bengaluru Malayalee youth stabbed and robbed
Author
Kerala, First Published Nov 15, 2019, 11:30 PM IST

ബെംഗളൂരു: മലയാളി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നംഗ സംഘം കൊള്ളയടിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശി ജെഫിന്‍ കോശി (26) ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബെംഗളൂരു ജെപി നഗറിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്ന ജെഫിന്‍, പുലര്‍ച്ചെ മൂന്നിനുള്ള ഷിഫ്റ്റില്‍ ഡ്യൂട്ടിക്കു കയറുന്നതിനായി താമസ സ്ഥലമായ യെലഹച്ചനഹള്ളിയില്‍ നിന്ന് ജെപി നഗറിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് ആക്രമണത്തിന് ഇരയായത്.

വാഹനം കാത്തുനില്‍ക്കുന്ന ജെഫിന്റെ അടുത്തേക്ക് ഓട്ടോറിക്ഷയില്‍ എത്തിയ മൂന്നംഗ സംഘം ജെപി നഗറില്‍ ഇറക്കാമെന്ന് പറയുകയായിരുന്നു. ഷെയര്‍ ഓട്ടോയാണെന്നാണ് അറിയിച്ചത്. പുലര്‍ച്ചെയായതിനാല്‍ മെട്രോ ട്രെയിനോ ബിഎംടിസി ബസോ ലഭ്യമായിരുന്നില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവറെ കൂടാതെ മറ്റു രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ യാത്രക്കാരാണെന്നാണ് കരുതിയത്.

അതിനാല്‍ തന്നെ ജെഫിന്‍ ഓട്ടോറിക്ഷയില്‍ കയറി. അല്‍പ്പദൂരം പിന്നിട്ടശേഷം ഓട്ടോ ഡ്രൈവര്‍ തെറ്റായ വഴിയിലേക്ക് പ്രവേശിച്ചപ്പോള്‍ ജെഫിന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഓട്ടോറിക്ഷ നിര്‍ത്താതെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

സഹായത്തിനായി ജെഫിന്‍ ഒച്ചവെച്ചപ്പോള്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ചേര്‍ന്ന് കത്തി ഉപയോഗിച്ച് ജെഫിന്റെ കയ്യിലും തുടയിലും പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ജെഫിന്റെ പഴ്സിലുണ്ടായിരുന്ന 1000 രൂപയും 20,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും തട്ടിയെടുത്തു.

ഇതോടൊപ്പം എടിഎമ്മില്‍ നിന്ന് നിര്‍ബന്ധിച്ച് 5,000 രൂപ പിന്‍വലിപ്പിക്കുകയും ചെയ്തു. പണം ലഭിച്ചതോടെ സംഘം ജെഫിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് കുമാരസ്വാമി ലേഔട്ട് പൊലീസ് എത്തിയാണ് ജെഫിനെ ആശുപത്രിയിലാക്കിയത്.
സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios