ബെംഗളൂരു:  വൻകിട കമ്പനിയിൽ അഞ്ചു കോടിയുടെ ടൈൽ കരാറു ലഭിക്കുമെന്ന വിശ്വാസത്തിൽ പണം നിക്ഷേപിച്ച ബെംഗളൂരു സ്വദേശിയായ കരാറുകാരന് 1.5 ലക്ഷം രൂപ നഷ്ടമായി. കെ ആർ പുരം സ്വദേശിയായ ഇക്രമാണ് തട്ടിപ്പിനിരയായത്. നഗരത്തിലെ വൻകിട കമ്പനിയിലേക്ക് ടൈൽ പാകുന്നതിനായി 25 മുതൽ 30 തൊഴിലാളികളെ വരെ നൽകാൻ കഴിയുന്ന കരാറുകാരെ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് അതിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടതെന്ന് ഇക്രം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

അതു പ്രകാരം രണ്ടു പേരെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തങ്ങൾ കമ്പനിയിലെ സീനിയർ ഉദ്യോഗസ്ഥനായ ബിനോദ് കുമാർ സിങ് എന്നയാൾക്കുവേണ്ടിയാണ് ഇടനിലക്കാരായി ജോലി ചെയ്യുന്നതെന്നു പറഞ്ഞ ഇരുവരും ബിനോദ്  ഉടനെ നേരിട്ടു കാണുമെന്നറിയിക്കുകയും ചെയ്തു. അതിനുശേഷം ഒട്ടേറെ തവണ ബിനോദുമായി കൂടിക്കാഴ്ച്ച നടത്തുകയും കരാറിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. 5 കോടിയുടെ കരാർ നൽകുന്നതിനു കമ്മീഷനായി അതിന്റെ രണ്ടുശതമാനം വേണമെന്നാവശ്യപ്പെട്ട ബിനോദ് തനിക്ക് 2.75 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിവിധ തവണകളായി 1.5 ലക്ഷം രൂപ നൽകിയതായും ഇക്രം പറയുന്നു. എല്ലായ്പ്പോഴും ഓഫീസിനു പുറത്താണ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതെന്ന കാര്യത്തിൽ സംശയം തോന്നിയിരുന്നെങ്കിലും അത് താൻ കാര്യമാക്കിയിരുന്നില്ലെന്നും ഇക്രം വ്യക്തമാക്കുന്നു.

ദിവസങ്ങൾക്കു ശേഷം ബിനോദ് ഫോൺ വിളിക്കുകയും അത്യാവശ്യ കാര്യത്തിനായി മുംബൈയിൽ പോവുകയാണെന്നും 30000 രൂപ ഉടൻ അയക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. പണം അയച്ചതിനു ശേഷം കഴിയുന്നതും വേഗം എയർപോർട്ടിലെത്താൻ പറഞ്ഞു. താൻ ധൃതിയിൽ എയർപോർട്ടിലെത്തിയെങ്കിലും ഇന്ന് കാണാൻ കഴിയില്ലെന്നു ഇയാൾ മെസേജ് അയക്കുകയായിരുന്നു. ബിനോദിന്റെ ഇടപെടലുകളിൽ സംശയം തോന്നി കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെയൊരാൾ അവിടെ ജോലിചെയ്യുന്നില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചത്.

ബിനോദിനെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞപ്പോഴും അയാൾ താൻ കമ്പനി ജീവനക്കാരനാണെന്നതിൽ ഉറച്ചു നിൽക്കുകയും താൻ കമ്പനിയെ നേരിട്ട് സമീപിച്ച് അയാളെ ചതിക്കുകയായിരുന്നുവെന്ന് ആരോപിക്കുകയും ചെയ്തതായി ഇക്രം പറയുന്നു. കൂടാതെ കരാർ രേഖകൾ കൈമാറുന്നതിനായി ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഒടുവിൽ മൊബൈലിൽ ലൊക്കേഷൻ ഷെയർ ചെയ്യാൻ ബിനോദിനോട് ആവശ്യപ്പെട്ടതോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നുവെന്നും ഇക്രം പോലീസിനോടു പറഞ്ഞു. ഇക്രമിന്റെ പരാതിയിൽ കെ ആർ പുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.