ബംഗളൂരു: സിനിമ സ്റ്റൈലില്‍ കുട്ടിയെ തട്ടികൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഘം ബംഗളൂരുവില്‍ പിടിയിലായി. സ്വന്തം അമ്മാവന്‍റെ മകനായ 13 കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട യുവാവിനെയും സഹായികളെയുമാണ് പൊലീസ് തന്ത്രപരമായി കീഴ്പ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട നീക്കത്തിലൂടെയാണ് കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. ബാനസവാടി സ്വദേശിയായ മോയിൻ ആണ് പിടിയിലായത്. ഇയാളുടെ സഹായികളായ മറ്റു രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന അമ്മാവന്‍റെ മകനെയാണ് തട്ടിക്കൊണ്ടു പോകൽ പദ്ധതിക്കായി മോയിൻ നോട്ടമിട്ടിരുന്നത്. ദിവസവും ഹോട്ടൽ സന്ദർശിക്കുമായിരുന്ന മോയിൻ ജിമ്മിൽ വച്ചു പരിചയപ്പെട്ട അയാസ്, മുബാറക് എന്നിവരെ സഹായത്തിനായി വിളിക്കുകയും ചെയ്തു. മോയിന്‍റെ അച്ഛനും നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്നെങ്കിലും കച്ചവടം വളരെ മോശമായിരുന്നു.

സഹായികളെ അമ്മാവന്‍റെ വീട്ടിലേക്ക് പറഞ്ഞയച്ച മോയിൻ, അമ്മാവൻ വീട്ടിൽ നിന്നിറങ്ങിയ ശേഷം കുട്ടിയെ മയത്തിൽ കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. അച്ഛന്‍റെ കടയിലേക്ക് സാധനങ്ങളുമായി എത്തിയവരാണ് തങ്ങളെന്നും കടയിലേക്കുള്ള വഴി കാണിക്കാൻ കൂടെ വരണമെന്നും കുട്ടിയെ വിശ്വസിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. രാത്രി എട്ടുമണിയോടെ ഫോണിൽ വിളിച്ച് മോയിൻ പണമാവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് മോചനദ്രവ്യവുമായി എത്തിയവരെന്ന വ്യാജേന മഫ്തിവേഷത്തിൽ പൊലീസ് എത്തുമ്പോഴേക്കും സമീപത്തുള്ള ഓട്ടോയിൽ കുട്ടിയുമായി മോയിനും സഹായികളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. മോയിന്‍റെ സഹായിയായ മുബാറക് മഫ്തിയിൽ വന്ന ഡെപ്യൂട്ടി കമ്മീഷണറെ കയ്യിലുണ്ടായിരുന്ന കഠാര കൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അതിനിടെ മുബാറക്കിന്‍റെ കാലിന് വെടിവെച്ച പൊലീസ് അയാസിനെ കീഴ്പ്പെടുത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക കൊണ്ടുവന്നില്ലെങ്കിൽ കുട്ടിയെ കൊന്നുകളയാൻ മോയിൻ പറഞ്ഞതായി മുബാറക്കും അയാസും ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. മകനെ തട്ടിക്കൊണ്ടുപോയത് മോയിൻ ആണെന്നറിഞ്ഞതിലുള്ള ആഘാതത്തിലാണ് കുട്ടിയുടെ കുടുംബം.