ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന  അക്രമവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയ രണ്ട് കേസുകൾ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. ഐജി റാങ്കിലുള്ള എന്‍ഐഎ ഉദ്യോഗസ്ഥന്‍ കർണാടകത്തില്‍ ക്യാമ്പ് ചെയ്താണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുക. അതേസമയം എസ് ഡി പിഐ കർണാടക സംസ്ഥാന സെക്രട്ടറി മുസമ്മില്‍ പാഷ മക്സൂദാണ് കലാപം ആസൂത്രണം ചെയ്തതെന്ന് പേരെടുത്ത് പറഞ്ഞാണ് എന്‍ഐഎ ഇന്ന് വാർത്താ കുറിപ്പിറക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണ് എന്‍ഐഎ നടപടി. കഴിഞ്ഞ ആഗസ്റ്റ് 11ന് രാത്രി ബെംഗളൂരു നഗരത്തില്‍ നടന്ന വ്യാപക അക്രമവുമായി ബന്ധപ്പെട്ട് 68 കേസുകളാണ് ബെംഗളൂരു പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 340 പേർ അറസ്റ്റിലായി, രണ്ട് കേസുകളിലായി 61 പേർക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തി, രാജ്യ ദ്രോഹകുറ്റം ചുമത്തപ്പെട്ട ഈ രണ്ട് കേസുകളാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്ത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കർണാടകത്തില്‍ ക്യാമ്പ് ചെയ്ത് കേസ് അന്വേഷിക്കുമെന്ന് എന്‍ഐഎ അറിയിച്ചു.

കേസില് അറസ്റ്റിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസമ്മില്‍ പാഷാ മക്സൂദിന്‍റെ പേരെടുത്ത് പറഞ്ഞാണ് എന്‍ഐഎ വാർത്താ കുറിപ്പിറക്കിയത്. കാവല്‍ ബൈരസാന്ദ്രയില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ മുസമ്മില്‍ പാഷ ആഗസ്റ്റ് 11 രാത്രി പോപ്പുലർ ഫ്രണ്ട് എസ് ഡി പിഐ പ്രവർത്തകരുടെ യോഗം വിളിച്ചു. നിരവധി പേർ പങ്കെടുത്ത ഈ യോഗത്തിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചു. ആയിരം പേർ ചേർന്നാണ് നഗരത്തില്‍ വിവിധയിടങ്ങളില്‍ വ്യാപക നാശം വിതച്ചതെന്നും വാർത്താ കുറിപ്പിലുണ്ട്.

അക്രമത്തില്‍ ഡിജെ ഹള്ളി , കെജെ ഹള്ളി പോലീസ് സ്റ്റേഷനുകളും, പുലികേശി നഗ‍ർ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂ‍ർത്തിയുടെ വീടും അക്രമികൾ തകർത്തിരുന്നു. തുടർന്ന് രാത്രി നടന്ന പോലീസ് വെടിവയ്പ്പില്‍ 3 പേരാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ ഒരു പ്രതി പോലീസ് കസ്റ്റിഡിയിലിരിക്കെയും മരിച്ചു. കേസില് പ്രതികളായവരില്‍നിന്നും നാശനഷ്ടങ്ങളുടെ തുക ഈടാക്കാനും കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.