വാരണാസി: വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ മോശമായി പെരുമാറിയ യൂണിവേഴ്സിറ്റി പ്രഫസര്‍ക്ക് നിര്‍ബന്ധിത പിരിഞ്ഞുപോകല്‍. വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകനായ ഷായി കുമാര്‍ ചൗബ്ബയ്ക്കാണ് നിര്‍ബന്ധിത പിരിഞ്ഞുപോകല്‍ ഉത്തരവ് ലഭിച്ചത്. അന്വേഷണ വിധേയമായി കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ സസ്പെന്‍ഷനിലായിരുന്നു. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ രാകേഷ് ഭട്നാഗറിന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടന്ന യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗണ്‍സിലാണ് തീരുമാനം എടുത്തത്.

കഴിഞ്ഞവര്‍ഷമാണ്  ഷായി കുമാര്‍ ചൗബ്ബയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ഒഡീഷയിലെ പുരിയിലേക്ക് നടന്ന പഠനയാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥിനികളോട് ഇയാള്‍ അശ്ലീല ചുവയോടെ പെരുമാറി എന്നായിരുന്നു പരാതി. തങ്ങള്‍ക്കെതിരെ ആശ്ലീല പരാമര്‍ശങ്ങള്‍‌ നടത്തിയെന്നും. ആശ്ലീല അംഗ്യങ്ങള്‍ കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു. 

ഇതിനെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ ഇയാളെ അദ്ധ്യപക സ്ഥാനത്ത് നിന്നും ബി.എച്ച്.യുവിലെ സുവോളജി വിഭാഗം സസ്പെന്‍റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ ഇയാള്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഇയാളെ തിരിച്ചെടുക്കാന്‍  യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന് ശേഷം ഒരു മാസം കഴിഞ്ഞ് വീണ്ടും ഷായി കുമാര്‍ ചൗബ്ബ ക്ലാസുകള്‍ എടുക്കാന്‍ ക്യാമ്പസില്‍ എത്തി. ഇതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.

പ്രതിഷേധം ശക്തമായതോടെ ദേശീയ വനിത കമ്മീഷന്‍ സംഭവത്തില്‍ ഇടപെടുകയും. സെപ്തംബര്‍ 16ന് ബി.എച്ച് യൂണിവേഴ്സിറ്റി അധികൃതരോടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ അഭ്യന്തര പ്രശ്നപരിഹാര സമിതിയുടെ റിപ്പോര്‍ട്ടാണ് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്. 

ഇതോടെ സംഭവം വിവാദമാകും എന്ന് അറിഞ്ഞ വൈസ് ചാന്‍സിലര്‍ ചൗബ്ബയ്ക്കെതിരായ നടപടി എക്സിക്യൂട്ടീവ് കൗണ്‍സിലിന് വീണ്ടും വിട്ടു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചൗബ്ബയെ നിര്‍ബന്ധിത പിരിഞ്ഞുപോകല്‍ നടത്താന്‍ അനുവദിച്ചത്.