Asianet News MalayalamAsianet News Malayalam

കാസർകോട്ട് വൻ കഞ്ചാവ് വേട്ട: പഴങ്ങൾ സൂക്ഷിച്ച വാഹനത്തിൽ നിന്ന് പിടിച്ചത് 108 കിലോ കഞ്ചാവ്

പഴങ്ങൾ കയറ്റി വിൽക്കാൻ കൊണ്ടുവരികയാണെന്ന് പറഞ്ഞ് ക‍ർണാടകയിൽ നിന്ന് വന്ന വാനിൽ ആണ് 108 കിലോ കഞ്ചാവ് പിടിച്ചത്. 54 പാക്കറ്റ് കഞ്ചാവാണ് വണ്ടിയിലുണ്ടായിരുന്നത്. ഒമ്പത് കിലോമീറ്ററോളം ചെക്ക് പോസ്റ്റിൽ നിന്ന് പിന്തുടർന്നാണ് പൊലീസ് സംഘം വണ്ടി പിടിച്ചത്.

big ganja catch at kasaragod about 100 kilo ganja seized
Author
Kasaragod, First Published Jul 21, 2020, 9:43 PM IST

കുഞ്ചത്തൂർ: കാസർകോട്ട് വൻ കഞ്ചാവ് വേട്ട. പഴം നിറച്ച വണ്ടിയെന്ന വ്യാജേന കർണാടകയിൽ നിന്ന് വന്ന പിക്കപ്പ് വാനിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് 108 കിലോ കഞ്ചാവാണ്. 54 പാക്കറ്റുകളിലാക്കിയാണ് ക‌ഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചെക്ക് പോസ്റ്റിൽ നിന്ന് അതിവേഗം പാഞ്ഞ വണ്ടിയെ ഏറെ ദൂരം പിന്തുടർന്നാണ് പൊലീസ് പിടിച്ചത്.

വൈകിട്ടോടെയാണ് വാഴപ്പഴം നിറച്ച ഒരു പിക്കപ്പ് വാൻ കാസർകോട്ടെ കേരള - കർണാടക അതിർത്തിയിൽ എത്തിയത്. ആദ്യം ഇത് പരിശോധിക്കാനായി വണ്ടി നിർത്താൻ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മറ്റ് വണ്ടികൾ പരിശോധിക്കുന്നതിനിടെ, നിർത്തിയ പിക്കപ്പ് വാൻ ഡ്രൈവർ അതിവേഗം ഓടിച്ച് പോകുകയായിരുന്നു. 

ഇതോടെ പൊലീസ് സംഘവും ഈ വാഹനത്തിന് പിന്നാലെ വച്ച് പിടിച്ചു. അതിവേഗം പോയ പിക്കപ്പ് വാനിനെ ഏതാണ്ട് ഒമ്പത് കിലോമീറ്ററോളം പിന്തുടരേണ്ടി വന്നു പൊലീസ് സംഘത്തിന്. പല ഊടുവഴികളിലൂടെയും വണ്ടിയോടിച്ച് ഒടുവിൽ കുഞ്ചത്തൂരിനടുത്ത് വണ്ടി നിർത്തി പിക്കപ്പ് വാനിലെ ഡ്രൈവറടക്കമുള്ളവർ ഇറങ്ങിയോടി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ പൊലീസ് സംഘത്തിന് കാണാനായത് വണ്ടിയിൽ അടുക്കി നിറച്ച് വച്ച കഞ്ചാവ് പാക്കറ്റുകളാണ്. 

വാഴപ്പഴത്തിന്‍റെ താഴെയായി കഞ്ചാവിന്‍റെ പാക്കറ്റുകൾ അടുക്കി വച്ചിരിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധരെത്തി പാക്കറ്റുകളെല്ലാം അളന്ന് തൂക്കം നോക്കിയപ്പോഴാണ് 108 കിലോ ഉണ്ടെന്ന് കണ്ടെത്തിയത്.

വണ്ടി കർണാടക റജിസ്ട്രേഷനിലുള്ളതാണ്. ഊടുവഴികളെല്ലാം കൃത്യമായി അറിയാവുന്നവരായതിനാൽ തദ്ദേശീയരോ, ഈ വഴികൾ നന്നായി പരിചയമുള്ളവരോ ആകാം കടത്തിന് പിന്നിലെന്നാണ് സംശയം. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios