ഭോപ്പാല്‍: മധ്യപ്രദേശില്‍ രാജ്യം കണ്ട ഏറ്റവും വലിയ ഹണിട്രാപ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖരുടെ 4000ത്തോളം അശ്ലീല വീഡിയോകളും ഫോട്ടോകളും സ്ക്രീന്‍ ഷോട്ടുകളും ഫോണ്‍കോള്‍ റെക്കോഡുകളുമാണ് പിടിച്ചെടുത്തത്. സംഭവം മധ്യപ്രദേശില്‍ വന്‍ രാഷ്ട്രീയ കോലാഹലത്തിന് ഇടയാക്കിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെ ഉദ്യോഗസ്ഥരില്‍നിന്ന് പണമടക്കം പല കാര്യങ്ങളും നേടുകയായിരുന്നു യുവതികളുടെ ലക്ഷ്യം. 

രാജ്യം കണ്ട ഏറ്റവും വലിയ ഹണിട്രാപ് കേസായിരിക്കുമിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കുന്നതിനായി ഫോറന്‍സിക് വിദഗ്ധര്‍ അധിക സമയം ജോലിയെടുക്കുകയാണ്. ഒരാളുടെ ഫോണില്‍ ഉന്നത ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രം പൊലീസ് ഓഫിസറുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിക്കുന്നത്. അതോടൊപ്പം ഹര്‍ഭജന്‍ സിംഗ് എന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്‍ജിനീയര്‍ ഹണിട്രാപ്പില്‍ കുടുക്കിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഫോട്ടോയില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. 

സംഘത്തിന് പതിവായി ഭോപ്പാലിലെ സമ്പന്നര്‍ മാത്രം പോകുന്ന എലൈറ്റ് ക്ലബില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുറിയെടുത്ത് നല്‍കുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട രേഖകളില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഹോട്ടല്‍ അധികൃതര്‍ കൃത്രിമം നടത്തിയതായും കണ്ടെത്തി. ഐപിഎസ് ഉദ്യോഗസ്ഥര്‍, സീനിയര്‍ ഉദ്യോഗസ്ഥര്‍, ജൂനിയര്‍ ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ തുടങ്ങിയവരുടെ നീണ്ട നിര ഹണിട്രാപിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 

ഹണിട്രാപ്പില്‍ കുടുങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിളിപ്പിച്ചു. ദൃശ്യങ്ങളും ഫോട്ടോകളും പുറത്തേക്ക് പോകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അതേസമയം, രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും കുടുങ്ങിയ കേസായതിനാല്‍ അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹണിട്രാപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തേക്കും. പണത്തിന് പകരം ലൈംഗികത ആവശ്യപ്പെട്ടാലും അഴിമതി നിരോധന വകുപ്പിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. 

സംഭവത്തിന്‍റെ ചുരുളഴിയുന്നത് ഇങ്ങനെ

ഭോപ്പാല്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിംഗ് പരാതിയുമായി എത്തിയതോടെയാണ് സംഭവം ഗൗരവമായി പൊലീസ് അന്വേഷിക്കുന്നത്.  സംഘത്തിലെ പ്രധാനി വഴി 18കാരിയെ പരിചയപ്പെട്ട ഹര്‍ഭജന്‍ ഇവരുമായി അടുപ്പത്തിലായി. 18 കാരിക്ക് ജോലി ലഭിക്കാന്‍ സഹായിക്കണമെന്നായിരുന്നു ആവശ്യം. 'വിട്ടുവീഴ്ച'ക്ക് തയ്യാറായാല്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് ഹര്‍ഭജന്‍ വാക്കുകൊടുത്തു. ഹോട്ടല്‍മുറിയില്‍ ഇരുവരും തമ്മിലെ കിടപ്പറ രംഗങ്ങള്‍ 18കാരി ഇയാളറിയാതെ ഷൂട്ട് ചെയ്തു. 

ഈ ദൃശ്യങ്ങള്‍ കാണിച്ച് സംഘം ഹര്‍ഭജനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ഒരുകോടി രൂപ ആവശ്യപ്പെട്ടതോടെയാണ് ഒടുവില്‍ ഇയാള്‍ ഇന്‍ഡോര്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ വന്‍ ഹണിട്രാപ്പിന്‍റെ വിവരങ്ങള്‍ ലഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ഐഎഎസ് ഉദ്യോഗസ്ഥനില്‍നിന്ന് മൂന്ന് കോടി ആവശ്യപ്പെട്ടതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ആദ്യഗഡുവായ 50 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് പൊലീസ് ഇവരെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരനായ ഹര്‍ഭജന്‍ സിംഗിനെതിരെയും നടപടിയെടുത്തു. 

സംഘത്തിലെ പ്രധാന കണ്ണി ബിജെപി വനിതാ നേതാവെന്ന് കോണ്‍ഗ്രസ്

സംഘത്തിന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ സെക്രട്ടേറിയറ്റില്‍ പതിവ് സന്ദര്‍ശകരായിരുന്നു. ഭോപ്പാലിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം ഇവര്‍ക്ക് സഹായമായി. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ സംഘത്തിലെ പ്രധാനിയായ ഇവര്‍ ബിജെപിയുടെ പ്രചാരകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇരിക്കുന്ന സംഘത്തിലെ പ്രധാനിയുടെ ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടു. യുവമോര്‍ച്ചയുമായി ഇവര്‍ക്ക് പങ്കുണ്ടെന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ചു. ഇവര്‍ക്ക് ബംഗ്ലാവ് വാങ്ങി നല്‍കിയതും മുന്‍ മുഖ്യമന്ത്രിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി എംഎല്‍എമാരായ ദിലീപ് സിംഗ് പരിവാര്‍, ബിജേന്ദ്ര പ്രതാപ് സിംഗ് എന്നിവരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.