പട്ന: ബിഹാറിലെ മുസഫര്‍പുരില്‍ ആള്‍ക്കൂട്ടം പൊലീസുകാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ അഴുക്ക് ചാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം പൊലീസുകാരനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചു. വലിയ മുളവടികളുപയോഗിച്ച് ആള്‍ക്കൂട്ടം പൊലീസുകാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പൊലീസുകാരെ ആള്‍ക്കൂട്ടം അപമാനിക്കുന്നുണ്ട്.

ഒരാളുടെ മുഖത്ത് അടിയേറ്റ് രക്തമൊഴുകുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ ആള്‍ക്കൂട്ടം മുസഫര്‍പുരിലെ ഔറൈ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. അജ്ഞാതരുടെ അടിയേറ്റാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.