അങ്കമാലിയിൽ ബൈക്ക് ഇടിച്ച് വീഴ്ത്തിയ കെഎസ്ആർടിസി ബസ്, അപകടവിവരമറിഞ്ഞിട്ടും നിർത്താതെ പോയതായി പരാതി. അങ്കമാലി കിടങ്ങൂർ സ്വദേശികളായ ബൈക്ക് യാത്രക്കാർ ബിനു അഗസ്റ്റിനും റ്റിജോയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.

എറണാകുളം: അങ്കമാലിയിൽ ബൈക്ക് ഇടിച്ച് വീഴ്ത്തിയ കെഎസ്ആർടിസി ബസ്, അപകടവിവരമറിഞ്ഞിട്ടും നിർത്താതെ പോയതായി പരാതി. അങ്കമാലി കിടങ്ങൂർ സ്വദേശികളായ ബൈക്ക് യാത്രക്കാർ ബിനു അഗസ്റ്റിനും റ്റിജോയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ദേശീയപാതയിൽ നിന്ന് എം സി റോഡിലേക്ക് തിരിയുന്നതിനിടെ ഇവരുടെ ബൈക്കിൽ കെഎസ്ആർ ടിസി ഇടിയ്ക്കുകയായിരുന്നു. 

നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ കെഎസ്ആർടിസി യാത്ര തുടർന്നെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യം സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മദ്യപിച്ച് കാർ ഓടിച്ചു, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയി; എഎസ്ഐയെ നാട്ടുകാർ പിടികൂടി

തൃശൂർ: മദ്യപിച്ചോടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്റ്റിലായി. മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി തൃശ്ശൂർ കണ്ണാറയിലാണ് സംഭവം. ലിൽജിത്ത് (24), കാവ്യ (22) എന്നിവർക്കാണ് കാലിന് സാരമായി പരിക്കേറ്റത്. രണ്ട് പേരുടെയും കാലൊടിഞ്ഞു. മുട്ടിന് ഗുരുതരമായ പരിക്കേറ്റതിനാൽ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചു.

മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രശാന്തിനും സംഘത്തിനുമെതിരെ കേസെടുത്തു. എൽത്തുരുത്ത് സ്വദേശികളായ ഫ്രാൻസി, ആൻ്റണി, പ്രവീൺ എന്നിവരാണ് പ്രശാന്തിനൊപ്പം കാറിലുണ്ടായിരുന്നത്. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. അപകടം നടന്ന് മുന്നോട്ട് പോയ കാർ ഒരു കിലോമീറ്റർ ദൂരെ നിർത്തി. ടയർ പൊട്ടിയതിനെ തുടർന്നാണ് എഎസ്ഐയും സംഘവും കാർ നിർത്തിയത്. നാട്ടുകാർ പിന്നാലെയെത്തി പിടികൂടി. പ്രകോപിതരായ നാട്ടുകാരിൽ നിന്ന് പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. പ്രശാന്താണ് കാർ ഓടിച്ചതെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

പ്രതീകാത്മക ചിത്രം