ഇടുക്കി: ബൈക്ക് മോഷണത്തിനിടെ പിടികൂടിയ യുവാവ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. ചിന്നക്കനാല്‍ ബിയല്‍റാം സ്വദേശി പൂപ്പാറ ബാബു എന്നറിയപ്പെടുന്ന ബാബു (45) ആണ് മരിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മുന്തലില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. 

ബൈക്ക് മോഷ്ടിക്കാന്‍ ബാബു എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തക്കം പാര്‍ത്തിരുന്ന നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നു മണിക്കെത്തിയ മോഷാടാവിനെ കൈയ്യോടെ പിടികൂടി.  തുടര്‍ന്ന് കൂട്ടം ചേര്‍ന്നെത്തിയ നാട്ടുകാര്‍ ബാബുവിനെ  ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. മര്‍ദ്ദനത്തെ തുടര്‍ന്ന് ബാബു സംഭവസ്ഥലത്തു തന്നെ മരിച്ചു. 

റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ അതു വഴി വന്ന ഓട്ടോ ഡ്രൈവര്‍ ബോഡിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ബാബുവിന്‍റെ ശരീരത്തില്‍ ഗുരുതര പരിക്കുകളേറ്റിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലഹരിയ്ക്കടിമയായിരുന്ന ഇയാള്‍ക്ക് നേരത്തെ രണ്ടു തവണ ഹൃദയാഘാതം ഉണ്ടായിട്ടുണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
 
ബാബുവിന്‍റെ മരണത്തില്‍   ബോഡിനായ്ക്കന്നൂര്‍ ഡി.വൈ.എസ്.പി ഈശ്വരന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി മോഷണ കേസുകളില്‍ പ്രതിയായിരുന്നു ബാബു. മോഷണവുമായി ബന്ധപ്പെട്ട് ഇടുക്കി, തേനി സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.  അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ബാബു ബൈക്ക് മോഷണങ്ങളിലേര്‍പ്പെട്ടിരുന്നത്. ബൈക്ക് മോഷണത്തിനു പുറമേ, ഓട്ടോ മോഷണത്തിനും വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ബാബുവിന്‍റെ പേരില്‍ കേസുകളുണ്ട്.