തൃശൂർ: തൃശൂരിൽ ബൈക്ക് മോഷണം നടത്തി വില്പന ചെയ്ത് ആര്‍ഭാട ജീവിതം നയിച്ച് വന്ന യുവാവിനെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേപ്പാടം പൂന്തോപ്പ് തറയില്‍ വീട്ടില്‍ റിജുവാണ് പിടിയിൽ ആയത്. അയൽവാസി യെ ഭീഷണിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബൈക്ക് കവര്‍ച്ചകളുടെ ചുരുളഴിഞ്ഞത്.

രണ്ട് മാസത്തോളം ഇയാൾ വെള്ളാങ്ങല്ലൂരുള്ള വർക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് താക്കോലില്ലാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കുന്ന രീതി പഠിച്ച റിജു, പിന്നീട് ബൈക്ക് മോഷണം പതിവാക്കുകയായിരുന്നു.

പകല്‍ പല സ്ഥലങ്ങളിലും കറങ്ങി നടന്ന് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത് വെച്ചിരിക്കുന്ന ബൈക്കുകള്‍ മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. പിന്നീട് ഇവ കുറഞ്ഞ വിലയ്ക്ക് വിറ്റ് മദ്യവും കഞ്ചാവും വാങ്ങും. ആർഭാട ജീവിതം നയിക്കാനാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

അയൽവാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഇന്ന് ഉച്ചയ്ക്കാണ് റിജുവിനെ പൊലീസ് കസ്റ്റഡി യിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് മോഷണ കഥകൾ പുറത്ത് വന്നത്. ഇയാൾ മോഷ്ടിച്ച അഞ്ച് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.

മൂന്നൂപീടിക, മുളങ്കുന്നത്തുകാവ്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. നേരത്തെ ബംഗാൾ സ്വദേശികളിൽ നിന്നും പണം കവര്‍ന്ന കേസിലും ഇയാളെ പൊലീസ് പിടികൂടിയിരുന്നു.