രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍, നമ്പര്‍ പ്ലേറ്റുകള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ച് ചീറിപ്പായുന്നതിനിടയിലാണ് സംഘത്തെ പിടികൂടിയത്. 

തിരുവനന്തപുരം: ബൈക്ക് അഭ്യാസങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം താരമടക്കം രണ്ടുപേര്‍ തിരുവല്ല മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍, നമ്പര്‍ പ്ലേറ്റുകള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ച് ചീറിപ്പായുന്നതിനിടയിലാണ് സംഘത്തെ പിടികൂടിയത്. 

ഇന്‍സ്റ്റാഗ്രാം താരവും തിരുവനന്തപുരം സ്വദേശിയുമായ അരുണ്‍, ആലപ്പുഴ സ്വദേശി വിനേഷ് എന്നിവരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പിടിയിലായത്. അരുണിന്റെ ബൈക്കിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും നമ്പര്‍ പ്ലേറ്റുകള്‍ കറുത്ത മാസ്‌ക് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. പിടികൂടിയ രണ്ട് ബൈക്കുകളും സൈലന്‍സറില്‍ അടക്കം രൂപമാറ്റം വരുത്തിയിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകളില്‍ നിന്നും പലവട്ടം രക്ഷപ്പെട്ട അരുണിനെ ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് പിടികൂടിയത്. ഇരുവാഹനങ്ങള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് 26,000 രൂപ പിഴ ചുമത്തി. അരുണിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടി ആരംഭിച്ചെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പൊലീസിനെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെയും കബളിപ്പിച്ച് ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ റേസ് കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പത്തുകിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: മുരിക്കാശ്ശേരിക്ക് സമീപം പത്തര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. പണിക്കന്‍കുടി സ്വദേശി ഇടത്തട്ടേല്‍ അനീഷ് ആന്റണി, മുരിക്കാശ്ശേരി ചിന്നാര്‍ സ്വദേശി മുല്ലപ്പള്ളിതടത്തില്‍ രാജേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ മുരിക്കാശ്ശേരി കോളേജ് ജംഗ്ഷനില്‍ വച്ചാണ് ഇരുവരും പിടിയിലായത്. മുരിക്കാശ്ശേരി എസ്എച്ച് റോയ് എന്‍എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോളേജ് ജംഗ്ഷനില്‍ തോപ്രാംകുടി ഭാഗത്തേക്ക് കഞ്ചാവുമായി പോകുന്നതിനു വേണ്ടിയാണ് പ്രതികള്‍ പ്രദേശത്ത് നിന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

കര്‍ശന പരിശോധന തുടരുന്നു; നിയമലംഘകരായ 85 പ്രവാസികള്‍ അറസ്റ്റില്‍

YouTube video player