ഹാർദ: മധ്യപ്രദേശിൽ കോൺഗ്രസ് നേതാവിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി എംഎൽഎയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസത്തോളം പഴക്കമുള്ള, കോൺഗ്രസ് നേതാവ് സുഖ്റാം ബാംനെയ്ക്ക് നേരെയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഹാർദയിൽ നിന്നുള്ള എംഎൽഎ കമൽ പട്ടേലിന്റെ മകനായ സുദീപ് പട്ടേൽ (34) ആണ് അറസ്റ്റിലായത്. ഇയാൾ കിർകിയ ജൻപഥ് പഞ്ചായത്തംഗമാണ്.

ഏപ്രിൽ 28 ന് സുദീപ് ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് സുഖ്റാമിന്റെ പരാതി. ഫെയ്സ്ബുക്ക് പോസ്റ്റിൽ കമൽ പട്ടേലിന്റെ ഭാര്യയുടെ പേരിലുള്ള കാർഷിക വായ്പ എഴുതി തള്ളിയെന്ന് കുറിച്ചതിന്റെ പേരിലായിരുന്നു ഭീഷണിയെന്നാണ് പരാതിയിൽ പറഞ്ഞത്. സുദീപ് തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞെന്നും സുഖ്റാം ആരോപിച്ചു.