പരാതി കൊടുത്തത് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ മകള്‍ക്കെതിരെയുള്ള കമന്‍റ് ആയതുകൊണ്ട് മാത്രമല്ലെന്നും ഒരു സ്ത്രീകളോടും ആരും ഇത് ചെയ്യരുതെന്ന് ഉദ്ദേശിച്ചാണെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്.

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകള്‍ക്കെതിരെ അശ്ലീല കമന്‍റിട്ടയാളെ കണ്ടെത്തി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. പൊലീസില്‍ പരാതി കൊടുത്തത് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ മകള്‍ക്കെതിരെയുള്ള കമന്‍റ് ആയതുകൊണ്ട് മാത്രമല്ലെന്നും ഒരു സ്ത്രീകളോടും ആരും ഇത് ചെയ്യരുതെന്ന് ഉദ്ദേശിച്ചാണെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വികെ സജീവന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ മകള്‍ക്കെതിരെ അശ്ലീല കമന്‍റിട്ട സംഭവത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് വികെ സജീവന്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മേപ്പയൂര്‍ പെരഞ്ചേരിക്കടവ് സ്വദേശി അജ്നാസിനെതിരെ മേപ്പയൂര്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസും സൈബര്‍ സെല്ലും സംഭവത്തില്‍ അന്വേഷണവും തുടങ്ങി. 

എന്നാല്‍ താനല്ല കമന്‍റ് ഇട്ടതെന്നും തന്‍റെ പേര് മറ്റൊരാള്‍ ഫേക് ഐഡി ഉപയോഗിച്ച് ചെയ്തതാണെന്നുമാണ് അജ്നാസ് പറയുന്നത്. കൂടുതല്‍ അന്വേഷിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ പ്രതി ആരെന്ന് അറിയാന്‍ കഴിയൂ എന്ന് പൊലീസും പറയുന്നു. എന്നാല്‍ പരാതിയുമായി ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തിന് താഴെയായിരുന്നു അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.