കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 24 വയസ്സുകാരനായ ചന്ദന്‍ ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ അ‍ജ്ഞാതര്‍ തടഞ്ഞുനിര്‍ത്തി വെടിവെക്കുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ വിവിധയിടങ്ങളിലായി ആക്രമണം തുടരുകയാണ്. ദിന്‍ഹത, പഹര്‍പുര്‍, ഗംഗാരാംപുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ തടയുന്നതിനായി പൊലീസിനെ വിന്യസിച്ചു. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ അംഗരക്ഷകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുന്നതായി ബിജെപി ആരോപിച്ചിരുന്നു.

വനം മന്ത്രി ബിനയ് കൃഷ്ണ ബര്‍മന്‍റെ അംഗരക്ഷകനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. തെരഞ്ഞെടുപ്പില്‍ വന്‍നേട്ടമാണ് ബംഗാളില്‍ ബിജെപി ഉണ്ടാക്കിയത്. ബിജെപി 18 സീറ്റ് നേടിയപ്പോള്‍ 22 സീറ്റാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്.