ഉന്നാവോ: ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട് മദ്രസ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ഉന്നാവോ പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടന്ന സമയം ഇവര്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എഫ് ഐ ആറില്‍ പേരുചേര്‍ക്കപ്പെട്ട ഇവരെ വെറുതെ വിട്ടതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അക്രമികളെന്ന് സംശയിക്കുന്ന മറ്റ് ചിലരുടെ പേരുകള്‍ പൊലീസ് പുറത്തുവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. മദ്രസ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സംഭവത്തില്‍ തെളിവുകളില്ലെന്നും പറഞ്ഞാണ് ആരോപണവിധേയര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ആക്രമണം നടക്കുമ്പോള്‍ ഇവര്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും പറഞ്ഞു. 

ഉന്നാവോയിലെ സിവിൽ ലൈൻ ഏരിയയിലെ ഗവൺമെന്റ് ഇന്റർ കോളേജ് മൈതാനത്ത് വച്ചാണ് കുട്ടികൾ ആക്രമിക്കപ്പെട്ടത്. ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു  വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആവശ്യപ്പെട്ട് ആക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.