റാഞ്ചി: സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ട് ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്ത് തുടരുന്ന മന്ത്രവാദം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഝാര്‍ഖണ്ഡിലെ മിക്ക ഗ്രാമങ്ങളിലും ഇന്നും ഇത്തരം കര്‍മ്മങ്ങള്‍ നടക്കുന്നുണ്ട്. മന്ത്രവാദിയുടെ വാക്കുകേട്ട് റാഞ്ചിയിലെ ഒരു ഗ്രാമത്തില്‍ ആണ്‍കുഞ്ഞ് പിറക്കാന്‍ ആറ് വയസ്സ് പ്രായമായ തന്റെ പെണ്‍കുഞ്ഞിനെ അച്ഛന്‍ കഴുത്തറുത്ത് കൊന്നു. 26കാരനായ സുമന്‍ നെഗസ്യ ആണ് തന്റെ മകളെ കൊലപ്പെടുത്തിയത്. 

ആണ്‍കുഞ്ഞിനെ ലഭിക്കാന്‍ മകളെ കൊല്ലണമെന്ന മന്ത്രവാദിയുടെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നു ഇയാള്‍. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് സുമനും മന്ത്രവാദിക്കുമെതിരെ കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മന്ത്രവാദി ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.