പുരി: മാനസിക പ്രശ്നങ്ങളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ പെണ്‍കുട്ടിയില്‍ ദുര്‍മന്ത്രവാദിയുടെ പരീക്ഷണം. ഒഡീഷയിലെ പുരിയിലുള്ള ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയ പെണ്‍കുട്ടിയിലാണ് ദുര്‍മന്ത്രവാദി പരീക്ഷണം നടത്തിയത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

പെണ്‍ക്കുട്ടി ആശുപത്രിയിലെത്തിയപ്പോള്‍ അവിടെ ദുര്‍മന്ത്രവാദിയും അസുഖം ബാധിച്ച് പ്രവേശിക്കപ്പെട്ടിരുന്നു. മാനസികമായ പ്രശ്നങ്ങള്‍ മൂലമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദുര്‍മന്ത്രവാദിയെ കൊണ്ട് പെണ്‍കുട്ടിയില്‍ പരീക്ഷണം നടത്തുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഇത് ഡോക്ടര്‍മാരുടെ അറിവോടെയല്ലെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഡോക്ടര്‍മാരുടെ അറിവോടെയാണ് ദുര്‍മന്ത്രവാദ പരീക്ഷണം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.