പാലക്കാട്: പാലക്കാട്ട് വൻ കുഴൽപ്പണവേട്ട. തമിഴ്നാട്ടിൽ നിന്ന്  അതിർത്തി കടന്ന്  ആലുവയിലേക്കെത്തിക്കാൻ  ശ്രമിച്ച ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണമാണ്  വാളയാറിൽ പിടികൂടിയത്. രണ്ട് ആലുവ സ്വദേശികളെ അറസ്റ്റ് ചെയ്തു

ലോക്ക്ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ അതിർത്തി കടത്താൻ ശ്രമിച്ച കുഴൽപ്പണമാണ് വാളയാറിൽ ടോൾ പ്ലാസയ്ക്ക് സമീപം പൊലീസ് പിടികൂടിയത്. മൂന്നുമാസത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ തുക പിടികൂടുന്നതും. പഴം- പച്ചക്കറി വിതരണത്തിനുളള വാഹനമെന്ന സ്റ്റിക്കർ പതിച്ച മിനി ലോറിയിലായിരുന്നു ബാഗുകളിലാക്കി പണം കടത്തിയത്. 

വാഹനത്തിലുണ്ടായിരുന്ന ആലുവ സ്വദേശികളായ സലാം,മിദീൻ കുഞ്ഞ് എന്നിവരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് പണമെന്നും ആലുവയിലെ വിവിധ ആളുകൾക്ക് വിതരണം ചെയ്യാനുളളവയാണെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി.നേരത്തെ, തമിഴ്നാട് കേന്ദ്രീകരിച്ച് വാളയാർ വഴി കെ എസ് ആർടിസി
ബസ്സ്, ട്രെയിൻ എന്നിവയിലൂടെ കുഴൽപ്പണ കടത്ത് സജീവമായിരുന്നു. 

പരിശോധന ശക്തമാക്കിയതോടെ കുറച്ചുകാലത്തേക്ക്കുഴൽപ്പണമൊഴുക്ക് ഉണ്ടായിരുന്നില്ല. പാലക്കാട് എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പണംപിടികൂടിയത്. വാളയാർ പൊലീസ് അന്വേഷണം തുടങ്ങി.