നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിടുമെന്നും അതല്ലെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു സുഹൃത്തുക്കളുടെ ഭീഷണി

മുംബൈ: നഗ്നചിത്രങ്ങള്‍ കാണിച്ച് സ്വന്തം റൂം മേറ്റ്സിന്‍റെ ഭീഷണി. മുംബൈയില്‍ യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ വാന്‍ഗണിലാണ് സംഭവം. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുഹൃത്തുക്കളുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. യുവാവിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. 

നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിടുമെന്നും അതല്ലെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു സുഹൃത്തുക്കളുടെ ഭീഷണി. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ യുവാവിനൊപ്പം ജോലി ചെയ്യുന്നവരാണ് പ്രതികള്‍. ഇവര്‍ താമസിക്കുന്നതും മരിച്ച യുവാവിന് ഒപ്പമായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ നഗ്ന ചിത്രങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുവാവ് ഉറങ്ങിക്കിടന്ന സമയത്താണ് മദ്യലഹരിയിലായിരുന്ന പ്രതികള്‍ മൊബൈലില്‍ യുവാവിന്‍റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. 
പിറ്റേ ദിവസം മുതല്‍ പ്രതികള്‍ ചിത്രങ്ങള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണമാവശ്യപ്പെട്ട് ജോലി സ്ഥലത്തും ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മെസേജുകളില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പൊലീസ് വ്യക്തമാക്കി.