ദില്ലി: ദില്ലിയിൽ രണ്ട് സ്ത്രീകളെ ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂട്ടിയിട്ട വീടിനകത്തുനിന്നാണ് യുവതികളുടെ മൃതദേഹം കണ്ടെത്തിയത്. ജയ്ത്ത്പൂരിലെ സൗരഭ് വിഹാറിൽ വ്യാഴാഴ്ചയാണ് സംഭവം.

വീടിനകത്തുനിന്ന് ദുർ​ഗന്ധം വമിച്ചതോടെ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ദുപ്പട്ട കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടിയാണ് യുവതികൾ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം, സംഭവത്തിൽ പ്രതിയെന്ന് കരുതുന്നയാളും അദ്ദേഹത്തിന്റെ മകനും ഒളിവിലാണ്. ഇരുവരും യുവതികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. യുവതികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. 

അതേസമയം, കൊല്ലപ്പെട്ട ഇരുവരും കാണാതായ ആളുടെ ഭാര്യമാരാണെന്നാണ് അയൽക്കാരുടെ മൊഴി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ഈസ്റ്റ് ജില്ലാ ഡിസിപി ചിൻമയി ബിസ്വാൾ വ്യക്തമാക്കി.