രണ്ട് ദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ അയൽവാസികൾ ബന്ധുക്കളെ വിളിച്ചു
മുംബൈ: സ്ത്രീയുടെയും മകന്‍റെയും മൃതദേഹം ബെഡ് ബോക്സിനുള്ളില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. 45കാരിയായ നീലിമ ഗണേഷ് കപ്‌സെ, 22 വയസുള്ള മകൻ ആയുഷ് കപ്‌സെ എന്നിവരാണ് കൊല്ലപ്പെട്ടത്.
രണ്ട് ദിവസമായി വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ അയൽവാസികൾ നീലിമയുടെ ബന്ധുക്കളെ വിളിച്ചു. നാഗ്പൂരിലുള്ള ബന്ധുക്കള്‍ സ്ഥലത്തെത്തി. വീട് പൂട്ടിക്കിടക്കുന്നതായി കണ്ടതിനെ തുടർന്ന് ഉടൻ തന്നെ ബന്ധുക്കള്‍ പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മുൻവശത്തെ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പിൻവശത്തെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലും. പൂട്ട് പൊളിച്ച് പൊലീസ് അകത്തുപ്രവേശിച്ചു.
കട്ടിലിൽ നിന്ന് രക്തം ഒഴുകുന്നതും ദുര്‍ഗന്ധം വമിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് ബെഡ് ബോക്സ് പരിശോധിച്ചത്. ബെഡ് ബോക്സ് തുറന്നപ്പോള്‍ അതിനുള്ളില്‍ രണ്ട് മൃതദേഹങ്ങളുണ്ടായിരുന്നു.
സംഭവത്തിന് ശേഷം നീലിമയുടെ മൂത്തമകനെ കാണാതായെന്ന് അയൽവാസികൾ പറയുന്നു. ഇയാളുടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
