ബെല്‍ഗാം: നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തില്‍ നിന്നും ലഭിച്ചത് 1.5 കിലോ സ്വര്‍ണ്ണം. കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ കൃഷ്ണ നദിയിലാണ് സംഭവം നടന്നത്. ഒക്ടോബര്‍ നാലിനാണ് മൃതദേഹം കണ്ടെത്തിയത്. അത്താനി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് സംഭവ സ്ഥലത്ത് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. 

അത്താനി താലൂക്കിലെ ആവരകൊണ്ട ഗ്രമത്തിന് അടുത്ത് നദിയില്‍ നിന്നാണ് മൃതദേഹം ആദ്യം കണ്ടത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് ശരീരത്തോട് ചേര്‍ത്ത് കെട്ടിയ നിലയില്‍ 1.5 കിലോ ഗ്രാം സ്വര്‍ണ്ണക്കട്ടി കണ്ടെത്തിയത്. 

പിന്നീട് മൃതദേഹത്തില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം ഇയാളുടെ പേര് സാഗര്‍ പട്ടീല്‍ എന്നാണെന്നും. ഇയാള്‍ക്ക് 30 വയസാണ് എന്നും തിരിച്ചറിഞ്ഞു. ഇയാള്‍ മഹാരാഷ്ട്രയിലെ സംഗാലി ജില്ലക്കാരനാണ്. മൃതദേഹത്തില്‍ പലഭാഗത്തായി മര്‍ദ്ദനത്തിന്‍റെ പാട് ഉണ്ട്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം നദിയില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്. കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു.