ദില്ലി: ബോയ്സ് ലോക്കര്‍ പോലുള്ള ഓണ്‍ലൈന്‍ കമ്യൂണിറ്റീസ് സര്‍വ്വസാധാരണമായിക്കഴിഞ്ഞിരിക്കുന്നുവെന്ന് സംഘത്തെ പൊളിച്ച 21 കാരന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അസഭ്യ സന്ദേശങ്ങളുമടങ്ങിയ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഇതില്‍ അംഗങ്ങളായ ദില്ലിയിലെ 17 - 18 വയസ്സുള്ള കുട്ടികളില്‍ ചിലരെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തിരുന്നു. 

''ഇത് സര്‍വ്വസാധാരണമാണ്. ഇത് അറിഞ്ഞതുമുതല്‍ എനിക്ക് നിശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. ഇത് ഒരു ഉദാഹരണം മാത്രമാണ്'' - ഹാരിസ് ഖാന്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള, ഈ ഗ്രൂപ്പിലെ സന്ദേശം പങ്കുവച്ചത് ഹാരിസ് ഖാന്‍ ആണ്. ഈ സംഘത്തില്‍ തന്നെയുള്ള ഒരു കുട്ടിയാണ് തനിക്ക് പരിചയമുള്ള പെണ്‍കുട്ടിയുടെ ചിത്രം ഇതില്‍ പ്രചരിക്കുന്നുണ്ടെന്ന് അവളെ അറിയിച്ചതും തുടര്‍ന്ന് എന്താണ് സംഭവിക്കുന്നതെന്ന് ഹാരിസിനെ ധരിപ്പിച്ചിതും. 

ആദ്യം അവര്‍ക്ക് തെറ്റ് മനസ്സിലാക്കി മാപ്പ് പറയാന്‍ അവസരം നല്‍കാമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കാമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് അവരെ അറിയിക്കുകയും എന്ത് ചെയ്യണമെന്ന്  അവര്‍ തീരുമാനിക്കട്ടെയെന്നും ഉറപ്പിച്ചു. ''ആദ്യം പെണ്‍കുട്ടികള്‍ക്ക് ഞെട്ടലായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥ. ഒറ്റരാത്രികൊണ്ട് അവര്‍ ധൈര്യം വീണ്ടെടുത്ത് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചു. '' - ഹാരിസ് പറഞ്ഞു. 

'' ഇതുപോലുള്ള ഗ്രൂപ്പുകളെല്ലാം വളരെ സാധാരണമാണ്. ഒട്ടും പുതിയതല്ല. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇത്തരം ഗ്രൂപ്പുകളില്‍ എന്നെയും ചേര്‍ത്തിട്ടുണ്ട്. എങ്ങനെ സ്ത്രീകളെ ബഹുമാനിക്കണമെന്ന് കൗമാരക്കാരായ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ കാരണം...'' ഹാരിസ് കൂട്ടിച്ചേര്‍ത്തു. 

ബോയ്സ് ലോക്കർ റൂം ചാറ്റ് വിവാദത്തില്‍ രണ്ട് വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ചർച്ച നടത്തിയ ഗ്രൂപ്പ് അഡ്മിനടക്കം രണ്ട് പേരാണ് പിടിയിലായത്. കൂടുതല്‍ വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയതു. സംഭവത്തില്‍ പൊലീസ് ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണമാവശ്യപ്പെട്ടു. ദില്ലി പൊലീസിന്‍റെ സൈബർ വിഭാഗമാണ് ബോയ്സ് ലോക്കർ റൂം എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിന്‍റെ അഡ്മിനെ അറസ്റ്റ് ചെയ്തത്. 

പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാർഥികൾക്കു പുറമേ പ്രായപൂർത്തിയായ പത്തോളം ഗ്രൂപ്പംഗങ്ങളെയും തിരിച്ചറിഞ്ഞിട്ടണ്ട്. ഗ്രൂപ്പംഗങ്ങളെല്ലാം പ്രായപൂർത്തിയാവാത്തവരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം 15 കാരനായ വിദ്യാർത്ഥിയെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ ഈ വിദ്യാർത്ഥിയെ  ഇതുവരെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ദിവസങ്ങൾക്ക് മുമ്പാണ് ബോയ്സ് ലോക്കർ റൂം എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നടന്നുവന്ന ഞെട്ടിക്കുന്ന ചില ചർച്ചകൾ പുറത്തു വന്നത്.  പെണ്‍കുട്ടികളെ കൂട്ടമാനഭംഗം ചെയ്യുന്നതും കൊച്ചുകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതുമടക്കമുള്ള കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചർച്ചകളാണ് ഗ്രൂപ്പില്‍ നടന്നത്.

സഹപാഠികളടക്കമുള്ള പെണ്‍കുട്ടികളുടെ മോർഫ് ചെയ്ത ദൃശ്യങ്ങളും ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു. ഗ്രൂപ്പില്‍ നടന്ന ചില ചർച്ചകളുടെ സ്ക്രീന്‍ഷോട്ട് പകർത്തിയ ഒരു പെണ്‍കുട്ടി ഈ വിവരങ്ങൾ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.