വർഷങ്ങൾക്ക് മുമ്പ് പണം കൊടുത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങിയ ബൈക്ക് തൊണ്ടിമുതലെന്ന് പറഞ്ഞ് പൊലീസ് പിടിച്ചെടുത്തതായി പരാതി. കോഴിക്കോട് കീഴ്പ്പയ്യൂർ സ്വദേശി മുനീറിന്‍റെ ബൈക്കാണ് കഴിഞ്ഞ ദിവസം കസബ പൊലീസ് പിടിച്ചെടുത്തത്. 

കോഴിക്കോട്: വർഷങ്ങൾക്ക് മുമ്പ് പണം കൊടുത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങിയ ബൈക്ക് തൊണ്ടിമുതലെന്ന് പറഞ്ഞ് പൊലീസ് പിടിച്ചെടുത്തതായി പരാതി. കോഴിക്കോട് കീഴ്പ്പയ്യൂർ സ്വദേശി മുനീറിന്‍റെ ബൈക്കാണ് കഴിഞ്ഞ ദിവസം കസബ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കസബ പൊലീസ് നൽകുന്ന വിശദീകരണമാണ് വിചിത്രം.

2013 ഓഗസ്റ്റിൽ പത്രത്തിൽ കണ്ട ഒരു പരസ്യമാണ് മുനീറിനെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. അന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് പതിനെട്ടായിരം രൂപയോളം നൽകി ഹീറോ ഹോണ്ട ബൈക്ക് ലേലത്തിലെടുത്തു. പിന്നീടിങ്ങോട്ട് കഴിഞ്ഞ ദിവസം വരെ ആ ബൈക്കിലായിരുന്നു മുനീറിന്‍റെ യാത്ര. പക്ഷേ, കഴിഞ്ഞ ദിവസത്തോടെ അതെല്ലാം അവസാനിച്ചു. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പേ മുനീറിന് കസബ പൊലീസ് ഒരു നോട്ടീസ് നൽകി. മുനീറിന്‍റെ കൈവശമുള്ള ബൈക്ക് 2013-ൽ കളവ് പോയ വാഹനമാണെന്നും എത്രയും പെട്ടന്ന് വാഹനം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം എന്നുമായിരുന്നു നോട്ടീസ്. എന്നാൽ ബൈക്ക് സ്റ്റേഷനിൽ ഹാജരാക്കാത്തതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി ബൈക്ക് പിടിച്ചെടുത്തു.

സംഭവത്തിൽ പൊലീസ് വിശദീകരണം ഇങ്ങനെ. 2013ൽ വാഹനം ലേലം ചെയ്യുമ്പോൾ കളവ് കേസിലെ തൊണ്ടി മുതലാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വിശദമായി വാഹനത്തിന്‍റെ രജിസ്ട്രേഷൻ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വാഹനമാണെന്ന് അറിഞ്ഞത്. ബൈക്ക് കോടതിയിൽ ഹാജരാക്കിയ ശേഷം പുതിയ ഉടമയ്ക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കസബ പൊലീസ് അറിയിച്ചു. 

എന്തായാലും സ്റ്റേഷനിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ വാങ്ങിച്ച വാഹനം പിടിച്ചെടുത്ത് കൊണ്ടുപോയ പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് സിറ്റി പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് മുനീർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona