2018  ഒക്ടോബറിൽ കാമുകൻ ബഷീറിനൊപ്പം ചേർന്ന് ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്ത്.  

മലപ്പുറം: മലപ്പുറത്തെ കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിൻ്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത് സംഭവത്തിൽ കാമുകൻ ബഷീ‍ര്‍ അറസ്റ്റിൽ. 

കഴിഞ്ഞ മാസം മുപ്പതിനാണ് പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കൊണ്ടോട്ടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ഒക്ടോബറിൽ കാമുകൻ ബഷീറിനൊപ്പം ചേർന്ന് ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്ത്. ഈ കേസിൽ സൗജത്തും കാമുകനായ ബഷീറും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കൊണ്ടോട്ടി വലിയ പറമ്പിലെ വാടക ക്വാട്ടേഴ്സിലാണ് സൗജത്തിനെ നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലാണ് സൗജത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വിഷം കഴിച്ച നിലയിൽ കാണപ്പെട്ട കാമുകൻ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാമുകന്‍ ബഷീറിനെ പിന്നീട് കോട്ടയ്ക്കലിലെ വീട്ടില്‍ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ഇയാള്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.കഴിഞ്ഞ ആറു മാസമായി സൗജത്ത് കൊണ്ടോട്ടിയിലെ വാടക ക്വാട്ടേഴ്സിലായിരുന്നു താമസം.

വിദേശത്തായിരുന്ന ബഷീ‍ര്‍ കൊലപാതകം നടത്താൻ 2018-ൽ നാട്ടിലെത്തുകയായിരുന്നു. തുട‍ര്‍ന്ന് സൗജത്തിൻ്റെ വീട്ടിലെത്തി ഉറങ്ങി കിടക്കുകയായിരുന്ന സവാദിനെ അതിക്രൂരമായി കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സവാദ്. കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ ബഷീറിനെ നാട്ടിലെത്തിയ ശേഷം പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.