ദില്ലി: ബോയ്സ് ലോക്കർ റൂം ചാറ്റ് വിവാദത്തില്‍ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ചർച്ച നടത്തിയ ഗ്രൂപ്പ് അഡ്മിനടക്കം രണ്ട് പേരാണ് പിടിയിലായത്. കൂടുതല്‍ വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയതു. സംഭവത്തില്‍ പൊലീസ് ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണമാവശ്യപ്പെട്ടു.

ദില്ലി പൊലീസിന്‍റെ സൈബർ വിഭാഗമാണ് ബോയ്സ് ലോക്കർ റൂം എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിന്‍റെ അഡ്മിനെ അറസ്റ്റ് ചെയ്തത്. ഗ്രൂപ്പിലെ തിരിച്ചറിഞ്ഞ കൂടുതല്‍ വിദ്യാർത്ഥികളെ ചോദ്യം ചെയ്തു. ഇവരുടെ ഫോണുകൾ സൈബർ സെല്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് ഇന്‍സ്റ്റഗ്രാമിന്‍റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാർഥികൾക്കു പുറമേ പ്രായപൂർത്തിയായ പത്തോളം ഗ്രൂപ്പംഗങ്ങളെയും തിരിച്ചറിഞ്ഞിട്ടണ്ട്. ഗ്രൂപ്പംഗങ്ങളെല്ലാം പ്രായപൂർത്തിയാവാത്തവരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം 15 കാരനായ വിദ്യാർത്ഥിയെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ ഈ വിദ്യാർത്ഥിയെ  ഇതുവരെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ദിവസങ്ങൾക്ക് മുമ്പാണ് ബോയ്സ് ലോക്കർ റൂം എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നടന്നുവന്ന ഞെട്ടിക്കുന്ന ചില ചർച്ചകൾ പുറത്തു വന്നത്.  പെണ്‍കുട്ടികളെ കൂട്ടമാനഭംഗം ചെയ്യുന്നതും കൊച്ചുകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതുമടക്കമുള്ള കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചർച്ചകളാണ് ഗ്രൂപ്പില്‍ നടന്നത്.

സഹപാഠികളടക്കമുള്ള പെണ്‍കുട്ടികളുടെ മോർഫ് ചെയ്ത ദൃശ്യങ്ങളും ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു. ഗ്രൂപ്പില്‍ നടന്ന ചില ചർച്ചകളുടെ സ്ക്രീന്‍ഷോട്ട് പകർത്തിയ ഒരു പെണ്‍കുട്ടി ഈ വിവരങ്ങൾ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.