Asianet News MalayalamAsianet News Malayalam

പണത്തിന് പുറമേ മുന്തിരിങ്ങ, മാങ്ങ, പപ്പായ; ആർടിഒ ചെക്ക്പോസ്റ്റിലെ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങിയത്

രാവിലെ ആറിന് പരിശോധനയ്ക്ക് ചെക്ക് പോസ്റ്റിലെത്തിയപ്പോൾ എംവിഡി ഉദ്യോ​ഗസ്ഥരുടെ കയ്യിൽ അധികം പണമുണ്ടായിരുന്നില്ല. ഇതോടെയാണ് വിജിലൻസ് ഉദ്യോ​ഗസ്ഥർ എംവിഡി ഉദ്യോ​ഗസ്ഥരായി ചെക്ക് പോസ്റ്റിൽ ഇരുന്നത്. വലിയ ലോറിക്ക് 100 രൂപയും ചെറിയ ലോറിക്ക് 50 രൂപയും വീതം താമസിയാതെ തന്നെ വിജിലൻസ് സംഘത്തിൻ ലഭിക്കാൻ തുടങ്ങി

bribe money found in Vigilance examination in RTO check post in Koottupuzha  Iritty
Author
Koottupuzha Excise/Border Check Post, First Published Aug 15, 2021, 12:13 PM IST

ആർടിഒ ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കെത്തിയ വിജലൻസ് ഉദ്യോ​ഗസ്ഥർക്ക് ലഭിച്ചത് കൈക്കൂലിക്കൊപ്പം മുന്തിരിയും മാങ്ങയും പപ്പായയും. ഇരിട്ടി കൂട്ടുപുഴ ചെക്ക്പോസ്റ്റിലെ പരിശോധനയ്ക്കെത്തിയ വിജിലൻസ് ഉദ്യോ​ഗസ്ഥർ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരായി ഇരുന്ന സമയത്താണ് പതിവ് രീതിയാണെന്ന് വിശദമാകുന്ന രീതിയിൽ കൈക്കൂലിയായി പണം നൽകുന്നത് കണ്ടെത്തിയത്. ഓപ്പറേഷൻ ഭ്രഷ്ട് നിർമൂലൻ അനുസരിച്ചായിരുന്നു വിജിലൻസ് സംഘത്തിന്റെ പരിശോധന.

രാവിലെ ആറിന് പരിശോധനയ്ക്ക് ചെക്ക് പോസ്റ്റിലെത്തിയപ്പോൾ എംവിഡി ഉദ്യോ​ഗസ്ഥരുടെ കയ്യിൽ അധികം പണമുണ്ടായിരുന്നില്ല. ഇതോടെയാണ് വിജിലൻസ് ഉദ്യോ​ഗസ്ഥർ എംവിഡി ഉദ്യോ​ഗസ്ഥരായി ചെക്ക് പോസ്റ്റിൽ ഇരുന്നത്. വലിയ ലോറിക്ക് 100 രൂപയും ചെറിയ ലോറിക്ക് 50 രൂപയും വീതം താമസിയാതെ തന്നെ വിജിലൻസ് സംഘത്തിൻ ലഭിക്കാൻ തുടങ്ങി. എന്തിനാണ് പണം നൽകുന്നതെന്ന ഉദ്യോ​ഗസ്ഥരുടെ ചോദ്യത്തിന് പുതിയ ആൾക്കാരാ അല്ലേയെന്നും ഇവിടുത്തെ പതിവിങ്ങനാണെന്നുമായിരുന്നു ലോറി ജീവനക്കാരുടെ മറുപടി.

ലോറി ഡ്രൈവർമാർ നൽകിയതായി കരുതുന്ന 2 കെട്ട് മുന്തിരി, 2 പപ്പായ, മാങ്ങകൾ എന്നിവയും ചെക്ക് പോസ്റ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെ ആറുമണി മുതൽ നാലുമണിക്കൂർ നീണ്ട പരിശോധനയിൽ 1600 രൂപയാണ് ഇത്തരത്തിൽ കൈക്കൂലിയായി ലഭിച്ചത്. ഈ സമയത്ത് രേഖകളുമായി ചെക്ക് പോസ്റ്റിലെത്തിയത് രണ്ട് പേർ മാത്രമാണെന്നും വിജിലൻസ് വിശദമാക്കുന്നു. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ, ഗ്രേഡ് എസ്ഐമാരായ കെ.വി. മഹീന്ദ്രൻ‍, ജയപ്രകാശ്, എഎസ്ഐമാരായ ശ്രീജിത്, നിജേഷ്, രാജേഷ്, സീനിയർ സിപിഒമാരായ സുനോജ്കുമാർ, നിതേഷ്, മുണ്ടേരി എച്ച്എസ്എസ് അധ്യാപകൻ വിനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios