ഇടുക്കി: പുറ്റടിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ കൊന്ന കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. പുറ്റടി സ്വദേശി ഐപ്പിനെ മദ്യം നല്‍കി മയക്കിക്കിടത്തി കഴുത്ത് ഞെരിച്ചാണ് സഹോദരന്‍ തോമസ് കൊന്നത്.  മകനുമായുള്ള കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തോമസ് കുറച്ചുദിവസം മുമ്പാണ് പാലക്കാട് നിന്ന് പുറ്റടിയിലെ തന്റെ കുടുംബവീട്ടിലേക്ക് വന്നത്. 

അമ്മയും സഹോദരന്‍ ഐപ്പുമാണ് പുറ്റടിയിലെ വീട്ടിലുള്ളത്. കുടുംബ സ്വത്തിന്റെ വിഹിതം വാങ്ങി ഇനിയുള്ള കാലം ഇവിടെ തങ്ങാനായിരുന്നു തോമസിന്റെ പദ്ധതി. എന്നാല്‍ സ്വത്ത് തരില്ലെന്ന് അമ്മയും സഹോദരനും തീര്‍ത്തുപറഞ്ഞു. ഇതേച്ചൊല്ലി വഴക്കും ഉണ്ടായി. തൊട്ടടുത്ത ദിവസം താന്‍ അമ്മയ്ക്ക് നല്‍കിയ പണമെടുത്ത് ഐപ്പ് മദ്യം വാങ്ങിയതും തോമസിനെ ചൊടിപ്പിച്ചു. 

ഇതോടെയാണ് ഐപ്പിനെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ഐപ്പിനെ വിളിച്ചുണര്‍ത്തി ഇരുവരും മദ്യപിച്ചു. അമിതമായി മദ്യപിച്ച് ഐപ്പ് മയങ്ങി വീണതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് തോമസ് രാവിലെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. സ്ഥിരം മദ്യപാനിയായ ഐപ്പ് ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തത് മദ്യലഹരിയിലായതുകൊണ്ടെന്നാണ് അമ്മ ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞാണ് മരിച്ചവിവരം ബോധ്യപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു.