പാലക്കാട് : പാലക്കാട് ചെറുപ്പുളശ്ശേരിയിൽ സഹോദരൻ സഹോദരിയെ വെട്ടികൊലപ്പെടുത്തി. കരുമാനം കുറുശ്ശിയിൽ ഇട്ടിയംകുന്നത്ത് വീട്ടിൽ  പങ്കജാക്ഷിയാണ് വെട്ടേറ്റ് മരിച്ചത്. കൊലയ്ക്കുശേഷം സഹോദരൻ പ്രഭാകരൻ ചെർപ്പുള്ളശേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. 

രാവിലെ 8 മണിയോടെയാണ് സംഭവം. 64 വയ്യസുള്ള സഹോദരി പങ്കജാക്ഷിയെ മൂർച്ചയേറിയ കൊടുവാൾ ഉപയോഗിച്ച് പ്രഭാകരൻ വെട്ടിക്കൊലപെടുത്തുകയായിരുന്നു. ഇവരുടെ തറവാട് വീട്ടിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്. പ്രഭാകരനും പങ്കജാക്ഷിയും അടുത്തടുള്ള വീട്ടിൽ താമസിക്കുന്നവരാണ്. രണ്ട് ദിവസം മുൻപ് ബന്ധുവീട്ടിൽ നടന്ന പൂജയ്ക്ക് പോവരുതെന്ന് പങ്കജാക്ഷിയടക്കമുള്ള രണ്ട് സഹോദരിമാരോട് പ്രഭാകരൻ മുന്നറിയിപ്പ് നൽകയിരുന്നു. ഇത് അവഗണിച്ച് പൂജയ്ക്ക് പങ്കെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്ന് രണ്ടുമണിക്കൂറിനുള്ളിൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധവുമായി പൊലീസില്‍ കീഴടങ്ങി. ഭാര്യ ഉപേക്ഷിച്ചുപോയ പ്രഭാകരൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇയാൾ സഹോദരിമാരെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.