പൂനെ: ബർഗറിനകത്ത് ചില്ലുകഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബർഗർ കിങ് ജീവനക്കാരനെ പൂനെയിൽ പിടികൂടി. പൂനെയിലെ ഫെർഗുസൻ കോളേജ് റോഡിലെ റെസ്റ്റോറന്റിലായിരുന്നു സംഭവം. തൊണ്ടയിൽ ചില്ലുകഷണങ്ങൾ കൊണ്ട് മുറിവേറ്റ 31കാരനായ സാജിത് അജ്മുദ്ദീൻ പഠാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാജിതും മൂന്ന് സുഹൃത്തുക്കളുമാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത്. ഇവർ മൂന്ന് വെജിറ്റേറിയൻ ബർഗറും ഒരു ചിക്കൻ ബർഗറും ഓർഡർ ചെയ്തു. സാജിത് ബർഗർ കഴിച്ച ശേഷം തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേ തുടർന്ന് ബർഗർ പരിശോധിച്ചപ്പോൾ തീരെ ചെറിയ ചില്ലുകഷണങ്ങൾ കണ്ടെത്തി.

സാജിതിന്റെ പരാതിയിൽ ബർഗർ കിങ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.