ഗോവയിൽ ഒരു കോടി രൂപയുടെ കവർച്ച കേസിലാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാൻ പിടിയിലായത്. 

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇർഫാനെ ഗോവയിൽ പിടികൂടി. മറ്റൊരു കേസിൽ പ്രതിയെ ഗോവ പൊലീസ് പിടികൂടിയതായാണ് കേരള പൊലീസിന് വിവരം കിട്ടിയത്. ഗോവയിൽ ഒരു കോടി രൂപയുടെ കവർച്ച കേസിലാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാൻ പിടിയിലായത്. 

ഒരു ബംഗ്ലാവിൽ നിന്നും ഒരു കോടി രൂപ മോഷ്ടിച്ച കേസിൽ പനാജിയിൽ നിന്നാണ് ഇർഫാനെ ഗോവ പൊലീസ് പിടികൂടിയത്. ഇയാളെ കുറിച്ച് വിവരം നൽകണമെന്ന് കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് പ്രതി പിടിയിലായ കാര്യം ഗോവ പൊലീസ് കേരള പൊലീസിനെ അറിയിച്ചത്. വൈകാതെ ഭീമ മോഷണ കേസിലെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

വിഷു ദിനത്തിലാണ് ഭീമ ജുവലറി ഉടമ ബി.ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപുയും മോഷ്ടിച്ചത്. സിസിടിവി ക്യാമറയും സെക്യൂരിറ്റി ജീവനക്കാരും കാവലിന് വളർത്തുനായയുമടക്കം അതീവ സുരക്ഷ മറികടന്നായിരുന്നു പ്രതി വീട്ടിനുള്ളിൽ കയറിയത്. സിസിടിവി ദൃശ്യങ്ങളിൽ കയ്യിൽ കാമുകിയുടെ ചിത്രം പതിച്ച പ്രതിയുടെ മുഖം പെട്ടിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ സമാന മോഷണ കേസുകളിൽ പ്രതിയായ മുഹമ്മദ് ഇ‌ർഫാനാണെന്ന് തെളിഞ്ഞത്. കള്ളന്മാരിലെ റോബിൻഹുഡ് എന്നറിയപ്പെട്ടിരുന്ന ഇർഫാൻ മോഷ്ടിച്ച് കിട്ടുന്ന പണം സ്വന്തം ഗ്രാമത്തിലെ പാവപ്പെട്ടവർക്കാണ് നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ഗ്രാമത്തിൽ നായകപരിവേഷമുള്ളയാളാണ് ഇർഫാൻ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona