കൊല്ലം: വേഷം മാറി എത്തിയ പൊലീസ് സംഘത്തിന്‍റെ കണ്‍മുന്നില്‍ കളളവാറ്റ് നടത്തിയ യുവാക്കള്‍ കൊല്ലം കുളത്തൂപ്പുഴയില്‍ അറസ്റ്റില്‍. വീടിന്‍റെ അടുക്കളയിലായിരുന്നു മൂവര്‍ സംഘത്തിന്‍റെ കളള വാറ്റ്. വാറ്റുകലത്തില്‍ നിന്ന് ചില്ലു കുപ്പിയിലേക്ക് തുളളി തുളളിയായി ഒഴുകുന്ന മദ്യം. കുളത്തൂപ്പുഴ കണ്ടന്‍ചിറ സ്വദേശി ഷിബിന്‍റെ വീട്ടില്‍ കുളത്തൂപ്പുഴ പൊലീസ് എത്തുമ്പോള്‍ ഇതായിരുന്നു കാഴ്ച. 

വീടിന്‍റെ അടുക്കളയില്‍ ഗ്യാസ് അടുപ്പിലായിരുന്നു വാറ്റ്. അതുകൊണ്ടു പുകയോ മണമോ പുറത്തെത്തില്ലെന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസമാണ് ഇന്‍സ്പെക്ടര്‍ സജുകുമാറും സംഘവും പൊളിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷിബിനെയും കൂട്ടുകാരായ പ്രവീണിനെയും ദീപുവിനെയും പൊലീസ് ഓടിച്ചിട്ട് പിടിച്ചു.

വീട്ടിനുളളില്‍ നിന്ന് കണ്ടെത്തിയ 20 ലീറ്റര്‍ കോട വീടിനു പുറത്തു തന്നെ പൊലീസ് ഒഴുക്കി. രണ്ട് ലീറ്റര്‍ ചാരായവും വാറ്റിനുപയോഗിച്ച പാത്രങ്ങളുമെല്ലാം തൊണ്ടിമുതലാക്കി മൂവര്‍ സംഘവുമായി സ്റ്റേഷനിലേക്ക് മടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona