സ്റ്റെബിലൈസർ എന്ന പേരിൽ ബസിൽ എത്തിച്ചിരുന്നത് ലഹരി വസ്തു, യുപിയിൽ ബസ് ഡ്രൈവർക്ക് 15 വർഷം തടവ്
നേപ്പാൾ അതിർത്തിയിൽ നിന്ന് ബസിൽ ചരസ് എത്തിച്ച് കാൺപൂരിൽ വിറ്റഴിച്ചിരുന്ന പൊതുഗതാഗത സർവ്വീസിലെ കരാർ തൊഴിലാളിക്ക് 15 വർഷത്തെ തടവും പിഴയും ശിക്ഷ
കാൺപൂർ: നേപ്പാൾ അതിർത്തിയിൽ നിന്ന് പൊതുഗതാഗത വകുപ്പിന്റെ ബസിൽ ലഹരിമരുന്ന് കടത്തിയ ഡ്രൈവർക്ക് 15 വർഷം തടവ് ശിക്ഷ. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂരിലെ അഡീഷണൽ സെഷൻസ് ജഡ്ജ് കോടതിയാണ് ഉത്തർ പ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ കരാർ ഡ്രൈവർക്ക് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
നേപ്പാൾ അതിർത്തിയിൽ നിന്ന് ബസിൽ ചരസ് എത്തിച്ച് കാൺപൂരിൽ വിറ്റഴിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സഞ്ജയ് തിവാരി എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. 5 കിലോഗ്രാം ലഹരിമരുന്നാണ് ഇയാളിൽ നിന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത്. സ്റ്റെബിലൈസർ കാർട്ടണിൽ വച്ചായിരുന്നു ലഹരി കടത്ത്. നേപ്പാൾ സ്വദേശിയായ ഇടനിലക്കാരനിൽ നിന്നായിരുന്നു ഇയാൾ ചരസ് വാങ്ങിയിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം