ബ്രിട്ടണിൽ നിന്നെത്തിയ സ്ത്രീയെയും സുഹൃത്തിനെയും കാറിൽ ഹോട്ടലിലെത്തിക്കുന്നതിനിടെയാണ് കാബ് ഡ്രൈവറുടെ ആഭാസം
ദില്ലി: യാത്രക്കാരയ സ്ത്രീകളിരിക്കെ കാറിനുള്ളിൽ വച്ച് സ്വയംഭോഗം ചെയ്തതിന് ക്യാബ് ഡ്രൈവർ അറസ്റ്റിൽ. ബ്രിട്ടണിൽ നിന്നെത്തിയ സ്ത്രീയെയും സുഹൃത്തിനെയും കാറിൽ ഹോട്ടലിലെത്തിക്കുന്നതിനിടെയാണ് കാബ് ഡ്രൈവറുടെ ആഭാസം. ദില്ലിയിൽ വച്ചാണ് വിദേശ വനിതയ്ക്ക് നേരെ ഇത്തരമൊരു സംഭവം നടന്നത്. ഇതോടെ വിദേശ വനിതയും സുഹൃത്തും ഇന്ത്യ വിട്ട് തിരിച്ചുപോയി. ഇവരുടെ പരാതിയിൽ പ്രതിയെ പൊലിസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലാൽഗഞ്ച് ജില്ലയിൽ നിന്നുള്ള പ്രതിയായ മഖൻ ലാൽ കഴിഞ്ഞ ആറ് മാസമായി ഡൽഹിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച ലണ്ടനിൽ നിന്നുള്ള അഭിഭാഷക സുഹൃത്തിനൊപ്പം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിദേശ വനിതയ്ക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇരുവരും ദില്ലിയിൽ താമസിച്ച് രാജസ്ഥാനിലേക്ക് പോകാനിരുന്നതായിരുന്നു. വിമാനത്താവളത്തിൽ നിന്ന് ഒരു ആപ്പ് ഉപയോഗിച്ചാണ് ഇരുവരും ക്യാബ് ബുക്ക് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികൾ തെക്കൻ ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകുന്നതിനാണ് ക്യാബ് ബുക്ക് ചെയ്തത്. യാത്രക്കിടെ ഡ്രൈവർ ക്യാബിനുള്ളിൽ അവരുടെ മുന്നിൽ സ്വയംഭോഗം ചെയ്തു. ഇയാളുടെ നടപടിയെ എതിർത്ത യാത്രക്കാരെ ഡ്രൈവർ ഭീഷണിപ്പെടുത്തി.
വനിതാ അഭിഭാഷക ഉടൻ പോലീസിൽ അറിയിക്കുകയും വാക്കാൽ പരാതി നൽകുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയയുടൻ വിദേശ വനിത അവരുടെ റിട്ടേൺ ടിക്കറ്റുകളും മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ സുഹൃത്തിനൊപ്പം രാജ്യം വിട്ടുവെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരാതിക്കാരിയുടെ രേഖപ്പെടുത്തിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read More : സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിന് ക്ഷതം, യുവാവ് ആശുപത്രിയിൽ, ഇങ്ങനെ ഒരവസ്ഥ രേഖപ്പെടുത്തുന്നത് ആദ്യം!
