കവർച്ചയ്ക്കുള്ള പ്രതിഫലം ചോദിച്ചാണ് ഭീഷണി. കാക്കച്ചി കമറു എന്ന കമറുദ്ദീനോടാണ് ഷാജി ഭീഷണി മുഴക്കിയത്.

കോഴിക്കോട്: ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ ഒന്നാംപ്രതി ബോംബെ ഷാജിയുടെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. കവർച്ചയ്ക്കുള്ള പ്രതിഫലം ചോദിച്ചാണ് ഭീഷണി. കാക്കച്ചി കമറു എന്ന കമറുദ്ദീനോടാണ് ഷാജി ഭീഷണി മുഴക്കിയത്. ഷാജിയോട് കൊയിലാണ്ടിയിൽ എത്താൻ വെല്ലുവിളിച്ച് കമറുദ്ദീന്റെ സംഘത്തിലുള്ള ആൾ ഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കവർച്ചാ സംഘത്തിൻറെ വെല്ലുവിളി തുടരുന്നത്. ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും 8 കോടി രൂപയുടെ കവർച്ച നടന്ന കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ മുസ്ലിം ലീഗ് ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു റൊട്ടാന റസാഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതം എന്നും റസാഖ് പ്രതികരിച്ചിരുന്നുവെങ്കിലും കെഎംസിസിയിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് നേരത്തെ പൊലീസിൽ കീഴടങ്ങിയിരുന്നു. കൊയിലാണ്ടി കൊല്ലം സ്വദേശി ബാലകൃഷ്ണനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. മുസ്ലിം ലീഗിന്‍റെ ജീവകാരുണ്യ സംഘടനയായ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഖത്തറിലെ ഓഫീസില്‍ കടന്ന് ലോക്കര്‍ തകര്‍ത്ത് 31 ലക്ഷം ഖത്തർ റിയാൽ അതായത് 8 കോടിയോളം ഇന്ത്യന്‍ രൂപ കവര്‍ച്ച ചെയ്തതാണ് കേസ്. 2025 സെപ്റ്റംബര്‍ 18ന് ഖത്തറിലെ അല്‍ തുമാമ എന്ന സ്ഥലത്തുണ്ടായ ഈ സംഭവം മുസ്ലിം ലീഗിലും കെഎംസിസിയുടെ വലിയ ചേരിപ്പോരിന് വഴി തുറന്നിരുന്നെങ്കിലും കവര്‍ച്ച സംബന്ധിച്ച കാര്യമായ തെളിവുകളൊന്നും പുറത്ത് വന്നിരുന്നില്ല.

കെഎംസിസിയുടെ പരാതിയില്‍ കവര്‍ച്ച സംബന്ധിച്ച് ഖത്തര്‍ പൊലീസും കേരളത്തില്‍ നടന്ന ഗൂഡാലോചനയെക്കുരിച്ച് കൊയിലാണ്ടി പൊലീസും അന്വേഷണം നടത്തിവരവെയാണ് കൊയിലാണ്ടി കൊല്ലം സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ പരപ്പില്‍ ബാലകൃഷ്ണന്‍ കവര്‍ച്ചയില്‍ തന്‍റെ പങ്ക് വെളിപ്പെടുത്തിക്കൊണ്ടുളള ഏറ്റുപറച്ചില്‍ നടത്തിയത്. കവര്‍ച്ചയില്‍ പങ്കാളികളായവരുടെ പേരും കൃത്യം നടത്തിയ രീതിയും ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബോബെ ഷാജി എന്ന ഷാജഹാന്‍, റാഷി, സാലിഹ്, ഹസ്സന്‍, നിസാര്‍ തുടങ്ങിയവര്‍ പ്രതികളാണ്. വെല്‍ഡിംഗ് തൊഴിലാളിയായ ബാലകൃഷ്ണനെ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കവര്‍ച്ച സംഘം ഖത്തറിലത്തിച്ചതെന്നാണ് സൂചന. അവിചാരിതമായി കവര്‍ച്ചാ സംഘത്തിന്‍റെ ഭാഗമാകേണ്ടി വരികയും വാഗ്ദാനം ചെയ്യപ്പെട്ട തുക ലഭിക്കാതെ വരികയും ചെയ്തതിനൊപ്പം ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയും ബാലകൃഷ്ണനെ അലട്ടിയിരുന്നതായാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ബാലകൃഷ്ണന്‍ മല്‍സരിക്കുകയും ചെയ്തിരുന്നു. കെഎംസിസിയുടെ സ്നേഹ സുരക്ഷ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. അംഗങ്ങളാവര്‍ക്ക് അസുഖമോ മരണമോ സംഭവിച്ചാല്‍ 50000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കാനായി അംഗങ്ങളില്‍ നിന്ന് പ്രതിമാസം 20 റിയാല്‍ വീതം പിരിവെടുത്തായിരുന്നു ഇത്രയും തുക സമാഹരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം