അന്വേഷണ സംഘമെത്തിയപ്പോൾ നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ മോഷ്ടിച്ച കാറിനുള്ളിൽ പ്രസിൻ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

കൊല്ലം: കൊല്ലം മടത്തറയിൽ നിന്ന് കാർ മോഷ്ടിച്ച ഇരുപത്തിയാറുകാരൻ പിടിയിൽ. നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മടത്തറ സ്വദേശിയുടെ വീട്ടിൽ നിന്ന് പ്രതി കാർ കടത്തിക്കൊണ്ട് പോയത്. പിന്നാലെ ഉടമ ചിതറ പൊലീസിൽ പാരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാര്‍ നെടുമങ്ങാട് ഭാഗത്ത് ഉള്ളതായി കണ്ടെത്തി.

അന്വേഷണ സംഘമെത്തിയപ്പോൾ നെടുമങ്ങാട് ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ മോഷ്ടിച്ച കാറിനുള്ളിൽ പ്രസിൻ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാര്‍ മോഷ്ടിച്ച ദിവസം ശിവൻമുക്കിലെ ഒരു വീട്ടിൽ നിന്ന് ഇയാൾ റബ്ബര്‍ ഷീറ്റുകളും മോഷ്ടിച്ചിരുന്നു. പ്രസിൻ സമാന കേസുകളിൽ പ്രതിയായിട്ടുളളയാളാണെന്ന് പൊലീസ് അറിയിച്ചു.

മോഷ്ടിക്കുന്ന കാറുകൾ രണ്ടു ദിവസം ഉപയോഗിച്ച ശേഷം വീടുകളിൽ കൊണ്ട് തിരിച്ചിടുകയോ, പൊലീസ് സ്റ്റേഷന് സമീപത്ത് ഉപേക്ഷിക്കുകയോ ആണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അഥേസമയം, തിരുനെല്ലിയിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തി യാത്രക്കാരനിൽ നിന്ന് ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മൻസൂർ, മലപ്പുറം സ്വദേശി ഷഫീർ എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാല് പ്രതികളെ കർണാടക മാണ്ഡ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഒക്ടോബർ അഞ്ചിന് പുലർച്ചെയാണ് ഏഴം​ഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്‍റെ കൈയില്‍ നിന്ന് ഒന്നരക്കോടി രൂപ കവർച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. 

'അവനെ കിട്ടിയാൽ വെട്ടും, ഒരു കേസ് കൂടെ വന്നാലും..'; ആയുധങ്ങളുമായി ​ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം, വെല്ലുവിളി