മംഗലം, പൂതക്കുഴി സ്വദേശികളായ യുവാക്കളാണ് വടിവാളും കമ്പിവടിയുമായി എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. മയക്കുമരുന്ന് ലഹരിയിയലായിരുന്ന യുവാക്കൾ നാട്ടുകാരെ വെല്ലുവിളിച്ചു
പത്തനംതിട്ട: പത്തനതിട്ട കുറ്റൂർ തൈമറവുംകരയിൽ ആയുധങ്ങളുമായി ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. കഞ്ചാവ് വിൽപ്പനയും ഉപയോഗവും ചോദ്യം ചെയ്തവരെയാണ് മൂന്നംഗ സംഘം രാത്രിയിലെത്തി ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ തിരുവല്ല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ ആനയാർ ജംഗ്ഷനിലാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്.
മംഗലം, പൂതക്കുഴി സ്വദേശികളായ യുവാക്കളാണ് വടിവാളും കമ്പിവടിയുമായി എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. മയക്കുമരുന്ന് ലഹരിയിയലായിരുന്ന യുവാക്കൾ നാട്ടുകാരെ വെല്ലുവിളിച്ചു. കൂറ്റൂരിലെ ഭൂതക്കുഴിപ്പാറ കേന്ദ്രീകരിച്ച് ലഹരി മരുന്ന് മാഫിയ സജീവമാകുന്നതിനെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചെതെന്നാണ് ആരോപണം. പ്രദേശത്തെ ഒരു വീടിന് നേരെയും ആക്രമികൾ കല്ലെറിഞ്ഞു. പഞ്ചായത്ത് അംഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആയുധങ്ങളുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഗുണ്ടകളായ മൂന്നംഗ സംഘത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.
പുറത്ത് വന്ന ദൃശ്യങ്ങൾ കേന്ദീകരിച്ചാണ് അന്വേഷണം. ദൃശ്യങ്ങളിലുള്ള യുവാക്കൾക്കെതിരെ മറ്റ് കേസുകളും നിലവിലുണ്ട്. അതേസമയം, തൃശൂർ അന്തിക്കാട് വെടിക്കുളം കോളനിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ നാല് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് (28), കോന്നാടത്ത് വിഷ്ണു (24), വെടിക്കുളം കാഞ്ഞിരത്തിങ്കൽ ഹിരത്ത് (22), മുറ്റിച്ചൂർ വള്ളൂ വീട്ടിൽ അഖിൽ (25) എന്നിവരെയാണ് പിടികൂടിയത്. ഷിഹാബ് കൊലക്കേസ് പ്രതിയും വിഷ്ണു, ഹിരത്ത് എന്നിവർ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉള്ളവരാണെന്നും പൊലീസ് പറഞ്ഞു. കോളനിയിലെ തയ്യിൽ സനൽ (34), ഭാര്യ ആര്യലക്ഷ്മി എന്നിവരെ ആക്രമിച്ചു പരിക്കേൽപിച്ചു എന്നാണു കേസ്.
