വിജയവാഡ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും പൊള്ളലേറ്റു. ഇതിൽ  ഒരാളുടെ നില ഗുരുതരമാണ്. പ്രതിയായ വേണുഗോപാല്‍ റെഡ്ഡിയ്ക്കായുള്ള തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

സെക്കൻഡ് ഹാൻഡ് കാറുകളുടെ ബിസിനസില്‍ പങ്കാളികളായിരുന്നു വേണുഗോപാല്‍ റെഡ്ഡിയും ഗംഗാധറും. എന്നാൽ, കാര്യമായ പുരോ​ഗതി ഇല്ലാത്തതിനാൽ ഇരുവരും കച്ചവടപങ്കാളിത്തം ഉപേക്ഷിച്ചു. ഗംഗാധറുമായുള്ള ചര്‍ച്ചയ്ക്ക് വേണുഗോപാല്‍ റെഡ്ഡി നിരവധി തവണ ശ്രമിച്ചതായും എന്നാല്‍ ഇയാൾ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പൊലീസ് പറയുന്നു. 

പിന്നാലെ തിങ്കളാഴ്ച ഗംഗാധര്‍ ഭാര്യയും ഒരു സുഹൃത്തുമായി വേണുഗോപാലിനെ കാണാനെത്തി. ഇവർ കാറിലിരുന്ന് സംസാരിക്കുന്നതിനിടയിൽ പുകവലിക്കാനെന്ന രീതിയില്‍ വേണുഗോപാല്‍ പുറത്തിറങ്ങി. തുടർന്ന് വിസ്‌കി കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ കാറിന് മുകളിലൊഴിച്ച് വേണുഗോപാല്‍ തീ കൊളുത്തുകയായിരുന്നു. 

ഗംഗാധറിനും ഭാര്യയ്ക്കും നിസാരമായ പൊള്ളലുകളാണെന്നും സുഹൃത്തിന് ഗുരുതരമായി പൊള്ളലേറ്റതായും പൊലീസ് അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി  വേണുഗോപാല്‍ ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.