Asianet News MalayalamAsianet News Malayalam

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബിജെപി നേതാവ് അടക്കമുള്ളവര്‍ക്കെതിരെ കേസ്

കേന്ദ്ര മന്ത്രിമാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചായിരുന്നു തട്ടിപ്പ്. കൂടുതൽ ബിജെപി നേതാക്കള്‍ക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എൻജിനീയർ മുതൽ പല തസ്തികകളി‌ൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്

case against bjp leader for job fraud
Author
Chengannur, First Published May 26, 2021, 1:11 AM IST

ചെങ്ങന്നൂര്‍: കേന്ദ്ര സർക്കാർ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. കേന്ദ്ര മന്ത്രിമാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചായിരുന്നു തട്ടിപ്പ്. കൂടുതൽ ബിജെപി നേതാക്കള്‍ക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ എൻജിനീയർ മുതൽ പല തസ്തികകളി‌ൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മുളക്കുഴ മുൻ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ സനു എൻ നായരാണ് ഒന്നാംപ്രതി. ബുധനൂർ സ്വദേശി രാജേഷ് കുമാർ, എറണാകുളം വൈറ്റില സ്വദേശി ലെനിൻ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.

ഇതുവരെ ഒൻപത് പരാതികൾ ചെങ്ങന്നൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ പത്തനംതിട്ട കല്ലറക്കടവ് സ്വദേശിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ: ആറ് മാസത്തിനകം എഫ്സിഐയിൽ എൻജിനീയറാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഒക്ടോബറി‌ൽ 10 ലക്ഷം രൂപ വാങ്ങി. മൂന്നാംപ്രതി ലെനിൻ മാത്യു എഫ്സിഐ ബോർഡ് അംഗമാണെന്ന് വിശ്വസിപ്പിച്ചു. എഫ്സിഐയുടെ ബോർഡ് വച്ച കാറിൽ വന്നിറങ്ങിയാണ് പണം കൊണ്ടുപോയത്.

തുടർന്ന് 2020 മേയ് മാസത്തിൽ 10 ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവ് ന‌ൽകി. വിശ്വാസ്യത കൂട്ടാൻ കേന്ദ്ര മന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും പ്രതികൾ കാണിച്ചു. ഇതേരീതിയിൽ 10 ലക്ഷം മുതൽ 35 ലക്ഷം വരെ പല ഉദ്യോഗാർഥികളിൽ നിന്നായി പ്രതികൾ വാങ്ങിയിട്ടുണ്ട്.

ജോലിക്ക് മുൻപുള്ള അഭിമുഖത്തിനെന്ന പേരിൽ ഉദ്യോഗാർത്ഥികളെ ചെന്നൈ, ദില്ലി എന്നിവിടങ്ങളിലെ എഫ്സിഐ ഓഫീസുകൾക്ക് സമീപത്ത് ദിവസങ്ങളോളം താമസിപ്പിച്ചു. അതിനു ശേഷം പണവുമായി മുങ്ങുകയാണ് സനുവിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. മുളക്കുഴ പഞ്ചായത്ത് മുൻ അംഗമായിരുന്ന സനു ഇക്കഴിഞ്ഞ തദ്ദേശ തെഞ്ഞെടുപ്പിൽ അരീക്കര ബ്ലോക്കു ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

Follow Us:
Download App:
  • android
  • ios