ഇടുക്കി: ആനച്ചാലിൽ നിന്ന് അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് കടത്താൻ ശ്രമിച്ച ടൂറിസ്റ്റ് ബസ് ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. ബസ് ജീവനക്കാരെയും 10 അതിഥി തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് മൂന്നാറിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ആനച്ചാലിൽ നിന്ന് 10 അതിഥി തൊഴിലാളികളെ രഹസ്യമായി കടത്തുന്നുവെന്ന വിവരം ലഭിച്ച പൊലീസ് ബസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ ബസിൽ ബംഗാൾ സ്വദേശികളായ 10 പേരെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ എറണാകുളം പട്ടിമറ്റത്ത് നിന്ന് 20 പേർ കൂടി ബസിൽ കയറാൻ ധാരണയായിരുന്നുവെന്ന് ബസ് ജീവനക്കാർ അറിയിച്ചു. 

തൊഴിലാളികളുമായി രാത്രിയിൽ അതിർത്തി കടക്കാനായിരുന്നു പദ്ധതി. ഇതേ തുടർന്ന് ബസിന്‍റെ ഉടമയും ഡ്രൈവറുമായ കോതമംഗലം സ്വദേശി ജോബിഷ്, സഹായി ബേസിൽ, യാത്രയ്ക്കുള്ള ഏർപ്പാടുകൾ ചെയ്ത അടിമാലി സ്വദേശി സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു.